
കാട്ടാക്കട: മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മുൻ നേവി ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. കാട്ടാക്കട കാനക്കോട് ക്രിസ്തുരാജ ഭവനിൽ മിനികുമാർ (54) ആണ് സാഹസത്തിന് മുതിർന്നത്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട്, വിദ്യാകിരണം മിഷനിൽ നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമ്പോഴായിരുന്നു സംഭവം. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയ ശേഷമാണ് പുറകിൽ നിന്ന ഇയാൾ സ്റ്റേജിന്റെ മുന്നിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വേലികൾ മറികടന്ന ഇയാളെ പൊലീസ് പിടികൂടി. കഴിഞ്ഞ ആറാംതീയതി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇയാളുടെ കൈയിലുണ്ടായിരുന്നു. മുൻപെഴുതിയ കത്തിന് മറുപടി ലഭിക്കാതായതോടെയാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
പത്ത് വർഷം മുമ്പ് നേവിയിൽ നിന്ന് വിരമിച്ചശേഷം വി.എസ്.എസ്.സിയിൽ പാചകക്കാരനായി ജോലിചെയ്യുകയായിരുന്നു. വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടിയതറിഞ്ഞ് എത്തിയ ഭാര്യ ചികിത്സാ രേഖകൾ ഹാജരാക്കി.തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുമുണ്ട്.
കത്തിൽ നിന്ന്
കെ.റെയിൽ നാടിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ദൃഢനിശ്ചയവും വളരെ ഇഷ്ടമാണെന്നുമാണ് മിനികുമാർ കത്തിൽ പറയുന്നത്. ഇ.ശ്രീധരൻ എന്ന കഴിവുള്ള എൻജിനീയറെ അവഗണിക്കരുത്. ജില്ലാ സമ്മേളനം ജനുവരിയിൽ കഴിഞ്ഞിട്ടും ഇപ്പോഴും അങ്ങയുടെ പൂർണകായ കട്ടൗട്ടുകളും ഫ്ളക്സുകളും നിറഞ്ഞുനിൽക്കുകയാണ്. ഇതെല്ലാം അടിയന്തരമായി മാറ്റുവാൻ കനിവുണ്ടാകണമെന്നും കത്തിൽ പറയുന്നു.
രക്ഷകരായി പൊലീസ്
മുഖ്യമന്ത്രി പങ്കെടുത്ത വിദ്യാകിരൺ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് അതിക്രമിച്ചുകയറിയ മിനികുമാറിനെ പിടികൂടി വാഹനത്തിലേക്ക് എത്തിക്കുന്നതിനിടെ, ജനക്കൂട്ടത്തിന്റെ മർദ്ദനം ഏറ്റുവാങ്ങിയിട്ടും പതറാതെ സുരക്ഷയൊരുക്കി പൊലീസ് ഉദ്യോഗസ്ഥൻ. പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ നിന്ന് മിനികുമാറിനെ പിടികൂടി ജീപ്പിലേക്ക് മാറ്റാനായി കൊണ്ട് പോകുമ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഇയാൾക്കരികിലേയ്ക്ക് ഇരച്ചെത്തിയത്. ബഹളത്തിനിടെ മിനികുമാർ നിലത്തു വീണു.ഇതോടെ അരുവിക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ കിരൺ ശ്യാം ഇയാളുടെ പുറത്തു കിടന്ന് സുരക്ഷയൊരുക്കുകയായിരുന്നു.
തലങ്ങും വിലങ്ങും മർദ്ദനം ഏറ്റിട്ടും മിനികുമാറിനെ പൊതിഞ്ഞു പിടിച്ച് മർദ്ദനമേൽക്കാതെ സുരക്ഷയൊരുക്കി. തുടർന്ന് കിരൺ ശ്യാമിന്റെ നേതൃത്വത്തിൽ മിനികുമാറിന് ചുറ്റും പൊലീസ് വലയം തീർത്ത് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. കിരൺ ശ്യാമിനെ സ്ഥലത്തുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപ്പേർ അഭിനന്ദിച്ചു.കിരൺശ്യാമിന്റെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ട്. ബൂട്ട് പൂർണമായും കീറി നശിച്ചു.