freedom-main

കുറച്ച് മനുഷ്യർ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന സമരങ്ങളാണ് സോണി ലിവിലൂടെ പുറത്തു വന്ന 'ഫ്രീഡം ഫൈറ്റ്" എന്ന ആന്തോളജി ചിത്രം പറഞ്ഞു വയ്‌ക്കുന്നത്. ഗീതു അൺചെയ്‌ൻഡ്, അസംഘടിതർ, റേഷൻ, ഓൾഡ് ഏജ് ഹോം, പ്രതൂമു എന്നീ അഞ്ച് കഥകളാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ ഓരോ കഥയും നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുടേതാണ്,​ അവരനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്‌മകളുടേത് കൂടിയാണ്.

സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ ചിരിച്ച് കാണാമെന്ന പ്രതീക്ഷ വേണ്ട. പലർക്കും ദഹിച്ചെന്നും വരില്ല. ഒരുപാട് ആലോചിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങളാണ് അഞ്ചു കഥകളും പ്രേക്ഷകരോട് പറയുന്നത്. പലയിടങ്ങളിലും ഇഴച്ചിൽ അനുഭവപ്പെടും എന്നത് വലിയൊരു പോരായ്‌മയാണ്.

അഖിൽ അനിൽകുമാർ സംവിധാനം ചെയ്‌ത ആദ്യ ചിത്രത്തിൽ ഗീതുവിന്റെ സ്വാതന്ത്ര്യസമര പ്രഖ്യാപനങ്ങളാണ് പറയുന്നത്. രജിഷ വിജയൻ തന്റെ ഭാഗം ഗംഭീരമാക്കി എന്നതിൽ തർക്കമില്ല. പെൺകുട്ടികളുടെ പ്രണയവും പ്രണയത്തകർച്ചയും വിവാഹചർച്ചകളുമെല്ലാം വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ തുറന്നു കാട്ടുന്നുണ്ട്. മലയാളികൾക്ക് പരിചിതമായ കഥാസന്ദർഭങ്ങൾ തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെങ്കിലും കഥ പറയുന്ന രീതിയിലെ വ്യത്യസ്തത പ്രേക്ഷകനെ പിടിച്ചിരുത്തും.

freedom

പ്രണയം ഒരുഘട്ടത്തിൽ വച്ച് അവസാനിപ്പിക്കേണ്ടി വരുമ്പോൾ പെൺകുട്ടികൾ പലപ്പോഴും കേൾക്കേണ്ടി വരുന്ന പഴിയാണ് അവൾ അവനെ ചതിച്ചുവെന്നത്. പല പ്രണയബന്ധങ്ങളിലും എന്തുകൊണ്ട് ഇടയ്‌ക്ക് വച്ച് അത്തരമൊരു ഇറങ്ങിപ്പോക്കിന് പെൺകുട്ടികൾക്ക് മുതിരേണ്ടി വരുന്നു എന്നത് കൃത്യമായി ചിത്രം പറഞ്ഞു വയ്‌ക്കുന്നുണ്ട്. 'അവൻ എന്നെ ലോക്ക് ആക്കും,​ ഞാൻ പെടും. അതല്ലാതെ ചതിച്ചതൊന്നുമല്ല" എന്ന ഗീതുവിന്റെ വാക്കുകൾ പുതിയ തലമുറയിലെ ഓരോ പെൺകുട്ടികളെയും ഇരുത്തി ചിന്തിപ്പിക്കുന്നതും യാഥാർത്ഥ്യത്തിലേക്കുള്ള സൂചന നൽകുന്നതുമാണ്. നാട്ടുകാരെ കാണിക്കാൻ വേണ്ടിയാകരുത് ഒരു പെൺകുട്ടിയെയും വിവാഹം കഴിപ്പിച്ച് അയക്കേണ്ടത്. പ്രണയത്തിലും വിവാഹത്തിലും സൗഹൃദത്തിലും പെൺകുട്ടികൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമുണ്ട്,​ അതാണ് ചിത്രം വ്യക്തമാക്കുന്നത്.

കുഞ്ഞില മസിലാമണിയുടെ അസംഘടിതർ ആണ് രണ്ടാമത്തെ ചിത്രം. 'ഫ്രീഡം ഫൈറ്റി"ൽ ഏറ്റവുമധികം വലിച്ചു നീട്ടൽ അനുഭവപ്പെട്ടതും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതുമായ ഭാഗമായിരുന്നു അത്. നല്ലൊരു വിഷയത്തെ അനാവശ്യമായി നീട്ടിക്കൊണ്ടു പോയി ബോറടിപ്പിച്ചുവെന്ന് പറഞ്ഞാൽ തെറ്റില്ല. സിനിമയേക്കാളുപരി ഡോക്യുമെന്ററി ഫീലാണ് ചിത്രം തരുന്നത്.

freedom

പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നയിടങ്ങളിൽ സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ കഴിയാതെ വരിക എന്ന ഗുരുതര പ്രശ്നത്തെയാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് മിഠായിത്തെരുവിൽ സ്ത്രീകൾ സംഘടിച്ച് നേടിയ യഥാർത്ഥ വിജയത്തെയാണ് സിനിമയിലൂടെ സംവിധായിക പറയുന്നത്. സ്രിന്ദ,​ വിജി പെൺകൂട്ട് തുടങ്ങി നിരവധി പേർ ചിത്രത്തിലുണ്ട്. കൊട്ടിഘോഷിച്ച് തുടങ്ങി വയ്‌ക്കുന്ന സർക്കാർ സംവിധാനങ്ങളുടെ പിന്നീടുള്ള യഥാർത്ഥ അവസ്ഥയും ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.

ഭക്ഷണസ്വാതന്ത്ര്യത്തെ കുറിച്ചാണ് ഫ്രാൻസിസ് ലൂയിസിന്റെ 'റേഷൻ" പറയുന്നത്. പാവപ്പെട്ടവനും പണക്കാരനുമിടയിലുള്ള ഭക്ഷണ കാര്യത്തിലെ അന്തരം കൃത്യമായി ചിത്രം കാണിക്കുന്നുണ്ട്. പരസ്പരം ഭക്ഷണം പങ്കിടുന്ന കുടുംബക്കാരാണെങ്കിലും ഇരുകുടംബങ്ങളിലെയും അടുക്കളകളിലുള്ള വേർതിരിവ് ചിത്രം പറയുന്നുണ്ട്. ഒരു മനുഷ്യന് വയറ് നിറയുന്നതുവരെ മാത്രമേ കഴിക്കാൻ കഴിയൂവെങ്കിലും തീൻമേശകളിൽ ആവശ്യത്തിലുമധികം ഭക്ഷണമുണ്ടാക്കി പാഴാക്കി കളയുന്നവരുണ്ട്. അവരുടെ മുന്നിലാണ് ഈ ചിത്രത്തിന്റെ പ്രസക്തിയേറുന്നത്.

നെയ്‌മീൻ പോലുള്ള ഭക്ഷണസാധനങ്ങൾ ഇന്നും ദൂരെ നിന്ന് മാത്രം നോക്കി കാണാനാകുന്ന ഒരുപാട് കുടുംബങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. മനുഷ്യർ തുല്യരാണെന്നും വിശപ്പ് ഒരേ അവസ്ഥയാണെന്നുമുള്ള പൊതുബോധം മാറി നിൽക്കുന്ന യഥാർത്ഥ ജീവിത സന്ദർഭങ്ങളെയാണ് ചിത്രം പറയുന്നത്. ജിയോബേബി എന്ന സംവിധായകൻ നടനായി പരകായ പ്രവേശം നടത്തിയ ചിത്രം കൂടിയാണിത്.

freedom

ജിയോ ബേബി സംവിധാനം ചെയ്ത 'ഓൾഡ് ഏജ് ഹോം" ഏറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ്. ആദ്യ ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ പറഞ്ഞു വയ്‌ക്കുന്നതുപോലെ വലിയൊരു സന്ദേശം തന്നെയാണ് ഇതിലും അദ്ദേഹം പറയുന്നത്. ബേബി ജോർജായെത്തുന്ന ജോജു ജോർജ് പതിവ് പോലെ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്. അൽഷിമേഴ്‌സിന്റെ വക്കിലെത്തി നിൽക്കുന്ന മനുഷ്യന്റെ ശരീരഭാഷയും ചിന്തകളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജോജുവിനായിട്ടുണ്ട്.

ആരോഗ്യം നഷ്ട‌മാകുന്നതോടെ മനുഷ്യർക്കുണ്ടാകുന്ന സ്വാതന്ത്ര്യമില്ലായ്‌മയെയാണ് ചിത്രം വ്യക്തമായി കാണിക്കുന്നത്. ധനുവായി എത്തുന്ന രോഹിണിയും നല്ല പ്രകടനം കാഴ്‌ച വച്ചിട്ടുണ്ട്. ആരോഗ്യം നഷ്‌ടപ്പെട്ടവന്റെ സ്വാതന്ത്ര്യമില്ലായ്മയും വളരെ വൈകിയാണെങ്കിലും ജീവിതത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭാര്യയുടെയും സ്വതന്ത്രയാണെങ്കിലും ഇരുവർക്കുമിടയിൽ പെട്ടു പോയതോടെ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ വീട്ടുജോലിക്കാരിയുടെയും അവസ്ഥയാണ് ചിത്രം പറയുന്നത്.

freedom

ഏറെ പ്രത്യേകതകുള്ള ചിത്രമാണ് ജിതിൻ ഐസക് തോമസ് ഒരുക്കിയ പ്രത്യൂമു. ഈ ആന്തോളജിയിൽ പ്രേക്ഷകരെ ഏറ്റവുമധികം ആകാംക്ഷയുടെ മുൾമുനയിൽ നിറുത്ത ചിത്രവും ഇതാണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വയ്‌ക്കുന്ന ഈ ചിത്രം നമ്മളിൽ ഓരോരുത്തരുടെ മുന്നിലും ചോദ്യചിഹ്നം തീർക്കും. മറ്റു നാല് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

തോട്ടിപ്പണിക്കാരന്റെയും അധികാരം കൈയാളുന്നവന്റെയും ജീവിതങ്ങളാണ് കഥയിൽ പ്രതിപാദിക്കുന്നത്. സിദ്ധാർത്ഥ് ശിവയുടെ ഗംഭീരപ്രകടനം ചിത്രത്തിൽ കാണാം. ഒരുവൻ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുമ്പോൾ മറ്റൊരുത്തൻ അടിച്ചമർത്തലുകൾ നേരിടേണ്ടി വരികയാണ്. അധികാരരാഷ്ട്രീയവും തൊഴിൽ രാഷ്ട്രീയവും ജാതി രാഷ്ട്രീയവുമെല്ലാം ഇതിൽ കൃത്യമായി പറഞ്ഞു വയ്‌ക്കുന്നു.

സ്വാതന്ത്ര്യം എന്താണെന്നും ഓരോ മനുഷ്യനും അത് എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും പറഞ്ഞു വയ്‌ക്കുന്ന അഞ്ചു കഥകൾ. ചിത്രം കണ്ടിറങ്ങുമ്പോൾ പലർക്കും ദഹിച്ചെന്ന് വരില്ല,​ എങ്കിലും ഈ അഞ്ചു കഥകളും സമൂഹത്തിന് മുന്നിൽ തുറന്നു പിടിച്ച കണ്ണാടികളാണെന്ന് വ്യക്തം.