psc

തിരുവനന്തപുരം: പി.എസ്.സിക്കെതിരെ നിയമനത്തട്ടിപ്പ് പരാതിയുമായി ഹൈക്കോടതി അഭിഭാഷകൻ. കൊല്ലം കാക്കുന്ന് കസ്തൂരിയിൽ ആദർശ്.എസാണ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹെഡ് ഓഫ് സെക്ഷൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (പോളിടെക്നിക്ക്, കാറ്റഗറിനമ്പർ: 392/2018)നിയമനത്തിലെ ക്രമക്കേടുകൾ തെളിവു സഹിതം പുറത്താക്കിത്.

എം.ബി.എ ഇൻ ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്‌മെന്റ് , എം.സി.എയും ബിസിനസ് മാനേജ്‌മെന്റിൽ പി.ജിയും അല്ലെങ്കിൽ ബി.ടെക്കും ബിസിനസ് മാനേജ്‌മെന്റിൽ പി.ജിയുമായിരുന്നു നിർദ്ദിഷ്ട തസ്തികയുടെ യോഗ്യത. അദ്ധ്യാപനരംഗത്ത് എട്ടുവർഷത്തെ പരിചയത്തിന് പുറമേ, മിനിമം മൂന്ന് വർഷം പോളിടെക്നിക്ക് ലെവൽ അദ്ധ്യാപന പരിചയവും നിഷ്‌കർഷിച്ചിരുന്നു. എം.സി.എയും എം.ബി.എയും കൂടാതെ സൈബർ ലോയിൽ ഡിപ്ളോമയും എൽഎൽ.ബിയും അധിക യോഗ്യതയുള്ള ആദർശിന് 13വർഷവും മൂന്ന് മാസം ജോലി പരിചയമുണ്ട്. ഒരു തസ്തികയ്ക്കായി 22 അപേക്ഷകരെത്തിയെങ്കിലും ഒറ്റത്തവണ പരിശോധനയിൽ 20 പേർ ഔട്ടായി. രണ്ടുപേർ മാത്രം ശേഷിച്ചതോടെ എഴുത്ത് പരീക്ഷയില്ലാതെ ഇന്റർവ്യൂവായിരുന്നു മാനദണ്ഡം.

ഒരുവർഷത്തിന് ശേഷം 2020 മാർച്ച് 19ന് ആദർശിന്റെ അപേക്ഷയും നിരസിച്ചതായി പി.എസ്.സി സെക്രട്ടറിയുടെ അറിയിപ്പെത്തി.

ആദർശിന് ബി. കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.ബി.എ, എം.ബി.എ എന്നീ ക്ലാസ്സുകളിലെ അദ്ധ്യാപന
പരിചയമാണുള്ളതെന്നും ഇത് വിജ്ഞാപന പ്രകാരമുള്ള യോഗ്യതയായി കണക്കാക്കാനാവില്ലെന്നുമായിരുന്നു പി.എസ്.സിയുടെ നിലപാട്. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, ടെക്നിക്കൽ തസ്തികയ്ക്ക് പകരം യോഗ്യതയായി കണക്കാക്കാമെന്ന 2012ൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മാനിക്കാതെയാണ് പി.എസ്.സി ആദർശിനെ അയോഗ്യനാക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും ട്രൈബ്യൂണലിലെ അന്തിമ ഉത്തരവ് വരെ ആദർശിന്റെ റിസൾട്ട് പി.എസ്.സി തടഞ്ഞു. അന്തിമവിധിക്ക് ശേഷമേ അഡ്വൈസ് പാടുള്ളൂവെന്ന ട്രൈബ്യൂണൽ ഉത്തരവ് സമ്പാദിച്ച ആദർശ്, ഇതിനിടെ ഒന്നാംറാങ്കുകാരന്റെ യോഗ്യതാ രേഖകൾ വിവരാവകാശപ്രകാരം തേടിയെങ്കിലും പി.എസ്.സി നിരസിച്ചു. വിവരാവകാശകമ്മിഷനിൽ അപ്പീൽ നൽകിയെങ്കിലും അപൂർണമായ രേഖകളാണ് പി.എസ്.സി നൽകിയത്. പോണ്ടിച്ചേരി സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ പദ്ധതിപ്രകാരമുള്ള ഇയാളുടെ പി.ജി.ഡി.ബി.എയുടെ തുല്യതാസർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മറച്ചുവച്ചു. സർവകലാശാലകളിലെ വിവരാവകാശ അപേക്ഷയിൽ പോണ്ടിച്ചേരി സർവകലാശാലയുടെ പി.ജി.ഡി.ബി.എയ്ക്ക് അംഗീകാരമില്ലെന്നും പി.എസ്.സി അംഗീകരിച്ച പ്രവൃത്തിപരിചയരേഖകൾ വസ്തുതാപരമല്ലെന്നും വ്യക്തമായി. ഇക്കാരണങ്ങളാൽ പുറത്താകേണ്ട ഉദ്യോഗാർത്ഥിക്കാണ് പി.എസ്.സി പ്രതിമാസം ഒരു ലക്ഷത്തോളം രൂപ ശമ്പളത്തിൽ ഗസറ്റഡ് റാങ്കിൽ നിയമനം നൽകിയത്.

കരാർ നിയമനം വഴിയുള്ള ജോലി പരിചയം പി.എസ്.സി പൊതുവ്യവസ്ഥ പ്രകാരം സ്വീകാര്യമല്ലെന്നിരിക്കെ ഒന്നാംറാങ്കുകാരന് എട്ടുവർഷം പ്രവൃത്തിപരിചയം കണക്കാനാകില്ല. എൻജിനിയറിംഗ് വിഭാഗത്തിൽ ആദർശിന് ഡിപ്ളോമാ ലെവൽ അദ്ധ്യാപന പരിചയമില്ലെന്ന് വെളിപ്പെടുത്തിയ പി.എസ്.സി ഒന്നാം റാങ്കുകാരന്റെ ഇതേ കുറവ് മറച്ചുവച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ സ്‌പെഷ്യൽ റൂൾ മറച്ചുവച്ച് എൻജിനിയറിംഗിതര പഠനവിഭാഗത്തെ എൻജിനിയറിംഗ് വിഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചതും ക്രമക്കേടുകൾ ആസൂത്രിതമായിരുന്നുവെന്നതിന് തെളിവാണ്.

സർവകലാശാല നിയമം അനുസരിച്ച് റഗുലർ കോഴ്സ് വിദ്യാർത്ഥി പഠന കാലയളവിൽ മറ്റ് കോഴ്സുകൾ പഠിച്ചാൽ റഗുലർ കോഴ്സ് റദ്ദാക്കും. ഒന്നാം റാങ്കുകാരൻ കാലിക്കറ്റ് സർവകലാശാലയിൽ
എം.സി.എ പഠിക്കുമ്പോഴാണ് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും വിദൂര
വിദ്യാഭ്യാസം വഴി പി.ജി.ഡി.ബി.എ പഠിച്ചത്.