
ചെങ്ങന്നൂർ: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കുരമ്പാല മുട്ടത്ത് നടയ്ക്കാവ് പുത്തൻ വീട്ടിൽ ലെനിൻ മാത്യുവിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. സഹോദരന് എഫ്.സി.ഐയിൽ എൻജിനീയറായി നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി കാരയ്ക്കാട് സദാശിവസദനത്തിൽ അജിൻസദാശിവൻ നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സമാന കേസുകളിൽ കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട് എറണാകുളം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇതോടെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ കേസുകളുടെ എണ്ണം 9 ആയി. നേരത്തെ 8 കേസുകളിലായി 1.6 കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ലെനിനു പുറമെ മുളക്കുഴ പഞ്ചായത്ത് മുൻ അംഗം സനു എൻ.നായർ, അനീഷ് ദാമോദരൻ, നിതിൻ കൃഷ്ണ, വിപിൻ വർഗീസ് എന്നിവരും കേസിൽ പ്രതികളാണ്. ലെനിനെ വിശദമായി ചോദ്യം ചെയ്യുമെന്നു ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. എഫ്.സി.ഐ കൺസൾട്ടീവ് കമ്മിറ്റിയുടെ മുൻ നോൺ ഒഫിഷ്യൽ അംഗമായി പ്രവർത്തിച്ചിരുന്ന ലെനിൻ ഇപ്പോഴും ബോർഡ് അംഗമാണെന്നു വിശ്വസിപ്പിച്ചാണ് വിവിധ തസ്തികകളിലേക്കു ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ഉൾപ്പെടുന്ന സംഘം തട്ടിപ്പു നടത്തിയിരുന്ന്. തട്ടിപ്പിനിരയായവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതറിഞ്ഞ് കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുച്ചിറപ്പളളി വിമാനത്താവളം വഴി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.