
തൃപ്പൂണിത്തുറ: വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് മകൻ അച്ഛനെ ചുറ്റികയും പൈപ്പും കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇരുമ്പനം തൃക്കത്ര ക്ഷേത്രത്തിന് സമീപം മഠത്തിപ്പറമ്പ് വീട്ടിൽ കരുണാകരൻ(61) ആണ് മരിച്ചത്. മകൻ അവിൻ എന്നു വിളിക്കുന്ന അമലിനെ (27) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപാനവും വഴക്കും ഇവിടെ പതിവായിരുന്നു. സംഭവ ദിവസവും പതിവുപോലെ വഴക്കുണ്ടാക്കി. ഇതിനിടെ തലയ്ക്ക് ശക്തമായ പ്രഹരമേറ്റ കരുണാകരൻ ബോധരഹിതനായി വീണു. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും ഭർത്താവിന്റെ പരിക്ക് ഗൗനിച്ചില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ ഭർത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് രുഗ്മിണി തൃശൂരിൽ ജോലി ചെയ്യുന്ന മൂത്ത മകൻ അഖിലിനെ വിളിച്ചറിയിക്കുകയായിരുന്നു. മകൻ വിവരം പറഞ്ഞതിനെ തുടർന്ന് സമീപവാസികൾ വന്നു നോക്കുമ്പോൾ തുണികൊണ്ട് പുതച്ച നിലയിൽ കരുണാകരൻ മരിച്ചു കിടക്കുകയായിരുന്നു. തലയുടെ മുൻഭാഗം നെടുകെ പിളർന്നിരുന്നു. ഇടതു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയി. കൈയ്യിൽ രണ്ടിടത്ത് കത്തികൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്.
വഴക്ക് പതിവായതിനാൽ സമീപവാസികൾ ഇവരുടെ കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. വലിയ ശബ്ദത്തിൽ ടി.വി വച്ചിരുന്നതിനാൽ വീട്ടിനകത്തെ ബഹളം പുറംലോകം അറിഞ്ഞില്ല. ഹിൽപാലസ് ഇൻസ്പെക്ടർ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. കൊവിഡിനെ തുടർന്ന് ക്വാറന്റീനിലായിരുന്ന കുടുംബം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. അമൽ ഓട്ടോ ഡ്രൈവറാണ്.