
ഒരാൾക്ക് ഗുരുതര പരിക്ക്
മരട്: രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചുവീഴ്ത്തി. ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കർ കോളനി മറ്റത്തിൽ ബാബുവിന്റെ മകൾ സാന്ദ്ര (23) യാണ് മരിച്ചത്.
കൈകാലുകൾക്ക് ഒടിവും തലയ്ക്കു പരിക്കുമേറ്റ പാലക്കാട് കെന്നംച്ചേരി ആയക്കാട് ചുങ്കത്തോടിൽ എം. അജിത്ര(24) ആശുപത്രിയിൽ ചികിത്സയിലാണ്.
വൈറ്റിലയിലെ പിസാഹട്ട് ജീവനക്കാരിയായ സാന്ദ്രയും തൈക്കൂടം മെജോ മോട്ടോഴ്സിലെ ജീവനക്കാരിയായ അജിത്രയും സമീപത്തെ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നു താമസം. ബുധനാഴ്ച രാത്രി ഏഴരയോടെ ഹോസ്റ്റലിൽ എത്തിയ ശേഷം രാത്രി ഭക്ഷണം വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഭക്ഷണം വാങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കവേ കുണ്ടന്നൂർ ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന ഇന്നോവ കാറാണ് തൈക്കൂടം പവർഹൗസിന് സമീപത്തുവച്ച് ഇവരെ ഇടിച്ചത്.
പരിക്കേറ്റ് ഏറെനേരം വഴിയിൽ കിടന്ന ശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. രാത്രി പത്തോടെ സാന്ദ്ര മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ 11ന് പാറത്തോട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
അമ്മ: ലീലാമ്മ. സഹോദരങ്ങൾ: അരവിന്ദ്, ആദിത്യൻ.