
തൃക്കാക്കര: ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷ്വറൻസുമില്ലാതെ എറണാകുളം കണ്ടെയ്നർ ടെർമിനലിൽ ചരക്ക് നീക്കത്തിന് ഓടിക്കൊണ്ടിരുന്ന ലോറികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേരള-തമിഴ്നാട് രജിസ്ട്രേഷൻ ലോറികൾ പിടികൂടി.
കേരള-തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളാണ് പിടികൂടിയത്.കണ്ടെയ്നർ ടെർമിനലിൽ നിന്ന് ലോഡ് കയറ്റിവിടുന്ന സ്ഥാപനങ്ങൾ ലോറിയുടെ വിവരങ്ങൾ ശേഖരിക്കാറില്ല. ഈ അവസരം മുതലെടുത്താണ് ഇത്തരം വാഹനങ്ങൾ ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടക്കുന്നത്. ഫിറ്റ്നസ്, ഇൻഷ്വറൻസ് എന്നിവയില്ലാത്ത ഒരു ലോറിയും ഫിറ്റ്നസ് ഇല്ലാത്ത മറ്റ് രണ്ട് വാഹനങ്ങളും പിടികൂടി. ഇവരിൽ നിന്നും 37,500 രൂപ പിഴ ഈടാക്കി. ലോറികളുടെ രേഖകൾ ശരിയാക്കിയ ശേഷം ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ മുമ്പാകെ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത്ചന്ദ്രൻ, കെ.എം. രാജേഷ്, നജീബ്, റെജി.വർഗ്ഗിസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു