
അമേരിക്കയിലെ മെയ്നിലെ ചെസ്റ്റർവില്ല സ്വദേശിയായ ഡെനിസ് സില്ലിയ്ക്ക് 2015ൽ തന്റെ മകളുടെ പത്താം ജൻമദിനത്തിലാണ് പ്രിയപ്പെട്ട വളർത്ത് പൂച്ചയെ നഷ്ടമാവുന്നത്. വീട്ടിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെ പൂച്ച വീട്ടിൽ നിന്നും പുറത്ത് കടക്കുകയായിരുന്നു. വീട്ടിലും പരിസരങ്ങളിലും അന്ന് ഏറെ തെരഞ്ഞെങ്കിലും ഡെനിസ് സില്ലിക്ക് തന്റെ പ്രിയപ്പെട്ട പൂച്ചയെ കണ്ടെത്താനായില്ല. ഏഴ് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും തന്റെ പൂച്ചയെ തിരികെ ലഭിച്ച സന്തോഷവാർത്തയാണ് ഡെനിസ് സില്ലിയെ തേടി എത്തിയത്. എന്നാൽ പൂച്ചയെ കിട്ടി എന്ന വിവരം ലഭിച്ചത് 2400 കിലോമീറ്റർ അകലെയുള്ള ഫ്‌ളോറിഡയിൽ നിന്നുമാണെന്നത് ഡെനിസ് സില്ലിയെ ഞെട്ടിപ്പിച്ചു.
ഫ്‌ളോറിഡയിൽ നിന്നും ഒരു മൃഗഡോക്ടറാണ് ഡെനിസിനെ വിളിച്ച് പൂച്ചയുടെ കാര്യം പറഞ്ഞത്. പൂച്ചയിൽ ഘടിപ്പിച്ച മൈക്രോചിപ്പിന്റെ സഹായത്തോടെയാണ് ഡോക്ടർ ഉടമസ്ഥനെ തിരിച്ചറിഞ്ഞത്. 2400 കിലോമീറ്റർ ദൂരം പൂച്ച എങ്ങനെ യാത്ര ചെയ്‌തെന്നോ, ഏഴു വർഷം എവിടെയായിരുന്നു എന്നോ അറിയാനായിട്ടില്ല. ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്ന പ്രിയപ്പെട്ട പൂച്ചയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ഡെനിസ് ഇപ്പോൾ.