pinarayi

തിരുവനന്തപുരം: കേരളമാണോ യു പിയാണോ മുന്നിൽ എന്ന ചർച്ച ബോധപൂർവം തുടങ്ങിയതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യോഗി താരതമ്യം ചെയ്തത് കേരളത്തിലെയും യുപിയിലെയും അഞ്ചുവർഷങ്ങളാണെന്നും വി മുരളീധരൻ പറഞ്ഞു.യു പിയിൽ അഞ്ചുവർഷം കൊണ്ട് ആരോഗ്യരംഗം മെച്ചപ്പെട്ടു. ഗുണ്ടാരാജ് ഇല്ലതായി.ഭരണ പരാജയം മറച്ചുവയ്ക്കാനാണ് സി പി എം ശ്രമമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. വോട്ടർമാർക്ക് പിഴവുസംഭവിച്ചാൽ ഉത്തർപ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതങ്ങൾ ഇവിടെ സംഭവിച്ചു. നിങ്ങൾക്ക് അബദ്ധം പറ്റിയാൽ ഈ അഞ്ചു വർഷത്തെ കഠിനാദ്ധ്വാനം നശിച്ചുപോകും. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പു നൽകുന്നു എന്നും യോഗി പറഞ്ഞു.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണ, പ്രതിപക്ഷ നേതാക്കൾ യോഗിക്കെതിരെ രംഗത്തെത്തി. ലോകം മാതൃകയായി കാണുന്ന കേരളത്തിനൊപ്പമെത്താൻ യു.പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

എന്നാൽ, യോഗിയെ ന്യായീകരിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെത്തന്നെ രംഗത്തെിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. എന്നിങ്ങനെയായിരുന്ന സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.