
വാഷിംഗ്‌ടൺ: യുക്രെയിൻ - റഷ്യ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി യുക്രെയിൻ വിടണമെന്ന് അമേരിക്കക്കാർക്ക് നിർദേശം നൽകി പ്രസിഡന്റ് ജോ ബൈഡൻ. ഒരു സാഹചര്യത്തിലും അമേരിക്കൻ സേനയെ യുക്രെയിനിലേയ്ക്ക് അയക്കില്ല. അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിർക്കാൻ ആരംഭിച്ചാൽ അത് ലോകമഹായുദ്ധമായി മാറുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
"അമേരിക്കൻ പൗരൻമാർ ഉടൻ യുക്രെയിനിൽ നിന്ന് പുറത്തുകടക്കണം. ലോകത്തിലെ ഏറ്റവും വലിയ സേനകളിൽ ഒന്നുമായാണ് നമ്മൾ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇത് വലിയൊരു വിഷമഘട്ടമാണെന്നും കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇതൊരു ലോകമഹായുദ്ധമാണ്"- ബൈഡൻ വ്യക്തമാക്കി. യുക്രെയിനിൽ റഷ്യൻ അധിനിവേശം ഉണ്ടാകുകയാണെങ്കിൽ അമേരിക്കക്കാരെ രക്ഷിക്കുന്നതിനുവേണ്ടിപ്പോലും അമേരിക്കൻ സേനയെ യുക്രെയിനിലേയ്ക്ക് അയക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
ഫയർ ഡ്രില്ലുകൾ പരിശീലിക്കുന്നതിനായി റഷ്യ ബെലാറസിലേയ്ക്ക് ടാങ്കുകൾ അയക്കുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ് പുറത്തുവന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പതിറ്റാണ്ടുകൾക്ക് ശേഷം റഷ്യ മിസൈലുകളും തോക്കുകളും വിന്യാസിക്കുന്നത് യൂറോപ്പിന് അപകടകരമായ നിമിഷമാണെന്ന് നാറ്റോയും മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയന്റെ പങ്കാളി എന്ന നിലയ്ക്കും നാറ്റോയിലെ സഖ്യകക്ഷി എന്ന നിലയ്ക്കും റഷ്യ തങ്ങളുടെ ഐക്യത്തെ വിലകുറച്ചുകാണരുതെന്ന് ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് പറഞ്ഞു.
അതേസമയം, കിഴക്കൻ യുറോപ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും നാറ്റോയുടെ അംഗമാകാൻ യുക്രെയിനെനും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളെയും അനുവദിക്കരുതെന്നും ഉറപ്പ് നൽകണമെന്ന് മോസ്കോ നാറ്റോയോട് ആവശ്യപ്പെട്ടു. യുക്രെയിനിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് മോസ്കോ ആവർത്തിക്കുമ്പോഴും പത്ത് ലക്ഷത്തിൽപ്പരം സൈനികരെ യുക്രെയിൻ അതിർത്തിയിലായി റഷ്യ വിന്യസിച്ചിരിക്കുകയാണ്.