rafael-jet-

പാരീസ് : ഇന്ത്യയ്ക്ക് റഫാലുകളെ വിൽക്കാൻ സാധിച്ചതോടെ ഫ്രാൻസിന് നല്ല നാളുകളാണ് ഉണ്ടായിരിക്കുന്നത്. അവരുടെ ആയുധ ശേഖരത്തിൽ ഒരു കാലത്ത് മങ്ങലേറ്റ് കിടന്നിരുന്ന റഫാലുകളെ കൊതിച്ച് നിരവധി രാജ്യങ്ങളാണ് ഇപ്പോൾ കാത്തുകിടക്കുന്നത്. ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഏകദേശം 59,000 കോടി രൂപ ചെലവിട്ട ഈ ഇടപാട് യാഥാർത്ഥ്യമായതോടെയാണ് ലോകരാജ്യങ്ങളുടെ കണ്ണ് റഫാലിലേക്ക് പതിഞ്ഞത്. റഫാലുകൾ ഉപയോഗിച്ചുള്ള പറക്കലിൽ ഇന്ത്യൻ വ്യോമസേന സംതൃപ്തി പ്രകടിപ്പിച്ചതോടെ ഫ്രാൻസിന് റഫാൽ വിൽപ്പനയിൽ ശുക്രൻ ഉദിക്കുകയായിരുന്നു. ഇപ്പോഴിതാ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യ 42 റഫാലുകളെ സ്വന്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഓർഡർ ലഭിച്ചതായി ഫ്രാൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തിടെ ഏകപക്ഷീയമായി ബില്ല്യൺ ഡോളറിന്റെ അന്തർവാഹിനി ഇടപാട് ഓസ്‌ട്രേലിയ റദ്ദാക്കിയതിന്റെ ക്ഷീണത്തിലായിരുന്നു ഫ്രാൻസ്. ഇന്തോനേഷ്യ 42 റാഫേലുകൾക്ക് ഓർഡർ നൽകിയതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി വ്യക്തമാക്കി. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തവേയാണ് ഇടപാട് ഉറപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നത്. ഫ്രാൻസുമായുള്ള പങ്കാളിത്തം യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ മാത്രമായി പരിമിതപ്പെടുത്താതെ സംയുക്ത ഉൽപ്പാദനം, സാങ്കേതിക കൈമാറ്റം, പ്രതിരോധ വ്യവസായങ്ങളിലെ നിക്ഷേപം എന്നിവയും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു.

ഇന്ത്യ റഫാൽ സ്വന്തമാക്കിയതിന് പിന്നാലെ 19 ബില്യൺ ഡോളറിന് 80 വിമാനങ്ങൾ വാങ്ങുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസുമായി കരാർ ഒപ്പുവച്ചിരുന്നു. ക്രൊയേഷ്യ, ഈജിപ്ത്, ഗ്രീസ്, ഖത്തർ എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയ്ക്ക് പുറമേ റഫാലുകൾ ഉപയോഗിക്കുന്നത്.


വ്യോമസേനയ്ക്ക് പിന്നാലെ ഇന്ത്യൻ നാവിക സേനയും വിമാനവാഹിനി കപ്പലിലേക്കായി റഫാലിനെ പരിഗണിക്കുന്നുണ്ട്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിൽ ചേരുന്ന തദ്ദേശീയ വിമാന വാഹിനികപ്പലായ വിക്രാന്തിലേക്കാണ് ഇത്.

റഫാലുകളെ യു എ ഇ വാങ്ങിയത് ഇന്ത്യയുടെ പാത പിന്തുടർന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. ദസ്സാൾട്ട് ഏവിയേഷൻ മുൻപ് നിർമ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങൾ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോൺ സ്‌റ്റോപ് പറക്കലിൽ ആകാശത്ത് വച്ച് എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നൽകിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതൽ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാൻസ് ചർച്ചകൾ നടക്കുകയാണ്. മറ്റൊരു ഗൾഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാൻസിൽ നിന്നും സ്വന്തമാക്കിയിരുന്നു.