
സൂപ്പർസ്റ്റാർ രജനികാന്തിന്റെ 169-ാമത് ചിത്രം ഒരുങ്ങുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നെൽസൺ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത്. സൺ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രമേയം എന്താണെന്നും മറ്റ് അഭിനാതാക്കൾ ആരൊക്കെയായിരിക്കും എന്നതടക്കമുള്ള കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രജനികാന്തിനെയും നെൽസണിനെയും അനിരുദ്ധിനെയും ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് അറിയുന്നത്. തലൈവർ രജനിയുടെ ആരാധകരെല്ലാം ചിത്രത്തിന്റെ പ്രഖ്യാപനത്തിൽ ഏറെ സന്തോഷത്തിലാണ്. ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനികാന്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അണ്ണാത്തെയിൽ കീർത്തി സുരേഷ്, നയൻതാര, മീന, കുളപ്പുള്ളി ലീല, ജഗപതി ബാബു, ബാല തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ശിവകാർത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രം വൻ വിജയമായിരുന്നു. അതേസമയം വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന ചിത്രമാണ് നെൽസണിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. പൂജാ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണാ ദാസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുവെന്നതും പ്രത്യേകതയാണ്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഡോക്ടറിനും ബീസ്റ്റിനും സംഗീതം പകർന്നിരുന്നത്. വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബീസ്റ്റിന്റെ ഫസ്റ്റ് സിംഗിളിന്റെ പ്രൊമോഷൻ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. നെൽസണിനും അനിരുദ്ധ് രവിചന്ദറിനുമൊപ്പം നിരവധി സിനിമകളിൽ ഗായകനായും ഗാനരചയിതാവായും തിളങ്ങിയ നടൻ ശിവകാർത്തികേയനെയും വീഡിയോയിൽ കാണാം.ശിവകാർത്തികേയൻ കൂടി ബീസ്റ്റിന്റെ ഭാഗമാകുന്നതോടെ ഇരട്ടി സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിനായി ഒരു 'പാൻ വേൾഡ് ട്യൂൺ" ഒരുക്കുന്നുണ്ട്. അതിന്റെ റിലീസ് ഫെബ്രുവരി 14 ന് ഉണ്ടാകുമെന്ന് അറിഞ്ഞ ആരാധകരെല്ലാം ആവേശത്തിലാണ്. ബീസ്റ്റ് ഏപ്രിൽ റിലീസായി തിയറ്ററുകളിൽ എത്തും. രജനിയുടെ പേട്ട, ദർബാർ എന്നീ ചിത്രങ്ങളിലെയും സംഗീതം അനിരുദ്ധിന്റേതായിരുന്നു.