
ശരീരഭാരം കുറയ്ക്കാനായി പല വിധത്തിലുള്ള വഴികളും ഇപ്പോൾ നിലവിലുണ്ട്. എന്നാൽ പലതും വിചാരിക്കുന്നത്ര ഫലം തരാത്തവയാണ്. ശരീരഭാരം കുറയ്ക്കാൻ വർഷങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ പലതരം വഴികൾ പരീക്ഷിച്ചുവരുന്നു. ഭക്ഷണക്രമം, വ്യായാമം എന്നിവ മാത്രമല്ല ശരീരഭാരം കുറയ്ക്കാനായി മറ്റ് പല തരം ടെക്നിക്കുകളും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ടവൽ വ്യായാമം. ദിവസവും വെറും അഞ്ച് മിനിറ്റ് ഈ വ്യായാമം ചെയ്താൽ മാത്രംമതി ശരീരഭാരം കുറയും. ചുരുങ്ങിയ ചിലവിൽ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറച്ച് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ ഈ ടവൽ വ്യായാമം നിങ്ങളെ സഹായിക്കും.
പ്രയോജനങ്ങൾ

ശരീരത്തിലുള്ള അമിതമായ ഭാരവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല ഈ വ്യായാമത്തിന് മറ്റ് നിരവധി ഗുണങ്ങളുമുണ്ട്. കഠിനമായ പ്രയത്‌നങ്ങളൊന്നും വേണ്ട എന്നതും ഒരു പ്രത്യേകതയാണ്. മറ്റ് ശാരീരിക പ്രശ്നങ്ങളാൽ വ്യായാമം ചെയ്യാൻ കഴിയാത്തവർക്കും ഈ രീതി പ്രയോജനം ചെയ്യും. കൂടാതെ നടുവേദന കുറയ്ക്കാനും ശരിയായ ശരീരഘടന നിലനിർത്താനും ഈ വ്യായാമം സഹായിക്കും.
ചെയ്യേണ്ട രീതി

ആദ്യം ഒരു ടവൽ എടുത്ത് ഉരുട്ടുക. ശേഷം ഒരു പായിൽ നിവർന്ന് കിടന്ന് ഉരുട്ടിയ ടവൽ നിങ്ങളുടെ നടുവിന്റെ ഭാഗത്തായി വയ്ക്കുക. കാലുകൾ അകറ്റി വിരലുകൾ നിലത്ത് തൊടാൻ കഴിയുന്ന അത്രയും നീട്ടി വയ്ക്കുക. കൈകൾ തലയ്ക്കു പിന്നിലായി നീട്ടി വയ്ക്കുക, വിരലുകൾ നിലത്ത് തോടണം. ഇത്രയും ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം മുറുകുന്നതുപോലെ അനുഭവപ്പെടും. അഞ്ച് മിനിറ്റ് ഇങ്ങനെ കിടക്കുക. ശേഷം വയറിന്റെ ഭാഗത്ത് ചെറിയ രീതിയിൽ കത്തുന്നപോലൊരു അനുഭവം ഉണ്ടാവുകയാണെങ്കിൽ വ്യായാമം നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിച്ചു എന്ന് മനസിലാക്കാം.