n-chandra

 അഞ്ചുവർഷത്തേക്ക് പുനർനിയമനം

മുംബയ്: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ (58) കാലാവധി അഞ്ചുവർഷത്തേക്ക് കൂടി നീട്ടാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. മുംബയിലെ ആസ്ഥാന മന്ദിരമായ ബോംബെ ഹൗസിൽ ചേർന്ന യോഗം, ചെയർമാനെന്ന നിലയിൽ ചന്ദ്രശേഖരന്റെ പ്രകടനം മികവുറ്റതാണെന്ന് വിലയിരുത്തിയാണ് ഐകകണ്ഠ്യേന പുനർനിയമനം നൽകിയത്.

ഇതിന് ടാറ്റാ ട്രസ്‌റ്റ്‌സിന്റെയും യോഗത്തിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത ടാറ്റാ ട്രസ്‌റ്റ്‌സ് ചെയർമാൻ രത്തൻ ടാറ്റയുടെയും പിന്തുണയുമുണ്ടായിരുന്നു. അടുപ്പമുള്ളവർ 'ചന്ദ്ര" എന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ 2016 ഒക്‌ടോബറിലാണ് ടാറ്റാ സൺസ് ഡയറക്‌ടർ ബോർഡംഗമായത്. 2017 ജനുവരിയിൽ ചെയർമാനായി. ഈമാസം കാലാവധി പൂർത്തിയാക്കാനിരിക്കേയാണ് രണ്ടാമൂഴം.

ചന്ദ്രയുടെ നേട്ടങ്ങൾ

ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്‌ത്രിയുടെ പിൻഗാമിയായാണ് ചന്ദ്ര ടാറ്റയുടെ സാരഥിയായത്. തുടർന്ന് ചന്ദ്രയുടെ കൈയൊപ്പ് പതിഞ്ഞ നേട്ടങ്ങൾ:

 മിസ്‌ത്രി വിഷയത്തിൽ ടാറ്റയ്ക്ക് നഷ്‌ടപ്പെട്ട പ്രതിച്‌ഛായയും ഉപഭോക്തൃ, നിക്ഷേപക വിശ്വാസ്യതയും അതിവേഗം വീണ്ടെടുത്തു.

 മിസ്‌ത്രി കേസിൽ ടാറ്റയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.

 ടാറ്റാ സ്റ്റീൽ അടക്കമുള്ള ഉപകമ്പനികളുടെ കടബാദ്ധ്യത കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി.

 എയർ ഇന്ത്യയെ ടാറ്റയുടെ തറവാട്ടിലേക്ക് തിരിച്ചെത്തിച്ചു.

 ഇ-മോഡലുകളിലൂടെ ഉൾപ്പെടെ ടാറ്റാ മോട്ടോഴ്‌സിന്റെ പ്രതാപം വീണ്ടെടുത്തു.

 ഇ-കൊമേഴ്‌സ് കമ്പനിയായ ബിഗ്‌ബാസ്‌കറ്റിനെ ഏറ്റെടുത്തു.

 ടി.സി.എസിന്റെ വരുമാനം 2,500 കോടി ഡോളർ കടന്നു.

വെല്ലുവിളികൾ

ചന്ദ്രയെ രണ്ടാമൂഴത്തിൽ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്.

1. എയർ ഇന്ത്യയെ ലാഭത്തിന്റെ റൺവേയിലേക്കെത്തിക്കണം.

2. സൈറസ് മിസ്‌ത്രിയുമായുള്ള ഓഹരി വിഭജനം.

3. ടാറ്റാ ടെലിയുടെ ഭീമമായ കടബാദ്ധ്യത വീട്ടണം.

4. ടാറ്റാ സ്‌റ്റീലിന്റെ യൂറോപ്യൻ ബിസിനസ് വിറ്റഴിക്കൽ പൂർത്തിയാക്കണം.

5. ടാറ്റയുടെ ഡിജിറ്റൽ സംരംഭങ്ങളെ (സൂപ്പർആപ്പ്, ബിഗ് ബാസ്‌കറ്റ്) വിജയകരമാക്കണം.