h

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം തമിഴകത്തിന്റെ എക്കാലത്തെയും ഹിറ്റ് കോമ്പോകളിൽ ഒന്നായ പ്രഭുദേവയും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. നായ് ശേഖർ റിട്ടേൺസ് എന്ന് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത വിജയ് ചിത്രം 'വില്ലി'ലായിരുന്നു ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ചത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരാജ് ആണ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങളിൽ ഒന്ന് വടിവേലുവാണ് ആലപിക്കുന്നത്. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്യുന്ന ഈ ഗാനരംഗത്ത് വടിവേലുവിനൊപ്പം പ്രഭുദേവയും ഉണ്ടാകും. ചിത്രീകരണം ഉടൻ ആരംഭിക്കും. അണ്ണാ ഡി.എം.കെയുമായുള്ള ഭിന്നതയെ തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്ന വടിവേലു കഴിഞ്ഞ ജൂലായിലാണ് വീണ്ടും സിനിമയിൽ സജീവമാകുമെന്ന് അറിയിച്ചത്.