nirmala

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസികളിലെ ഇടപാടുകളിൽ നിന്നുള്ള നേട്ടത്തിന് നികുതി ഏർപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്‌തതെന്നും അവയെ നിയമവിധേയമാക്കാനോ നിരോധിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇക്കഴിഞ്ഞ ബഡ്‌ജറ്റിലാണ് 30 ശതമാനം നികുതി ഏർപ്പെടുത്തിയത്. ഏപ്രിൽ ഒന്നുമുതലാണ് പ്രാബല്യം.

ഇതോടെ ഇന്ത്യ ക്രിപ്‌റ്റോകറൻസികളെ അംഗീകരിച്ചുവെന്നും ഇല്ലെന്നുമുള്ള ആശയക്കുഴപ്പമുണ്ടായി. ബഡ്‌ജറ്റിന് ശേഷം ഇക്കാര്യത്തിൽ വ്യക്തതവരുത്താതെ മൗനംതുടർന്ന നിർമ്മല, ഇന്നലെയാണ് വിശദീകരണം നൽകിയത്. കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കാനിരിക്കേയാണ് ബഡ്‌ജറ്റിൽ ക്രിപ്റ്റോകൾക്ക് നികുതി പ്രഖ്യാപനമുണ്ടായത്.

ക്രിപ്‌റ്റോകറൻസി നിരോധിക്കണമോ നിയമപരമാക്കണോയെന്ന് സാഹചര്യം വരുമ്പോൾ തീരുമാനിക്കുമെന്ന് നിർമ്മല പറഞ്ഞു. നികുതി ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും അവർ വ്യക്തമാക്കി. സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ സമ്പദ്‌ഘടനയ്ക്ക് ഭീഷണിയാണെന്നും നിക്ഷേപസൗഹൃദമല്ലെന്നും കഴിഞ്ഞദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും അഭിപ്രായപ്പെട്ടിരുന്നു.