car-sales

 ജനുവരിയിൽ മൊത്ത വില്പനനഷ്‌ടം 18.8%

ന്യൂഡൽഹി: ചിപ്പ്ക്ഷാമം മൂലം ഉത്‌പാദനം കുറഞ്ഞതോടെ ആഭ്യന്തര വാഹന വിപണി നേരിടുന്ന മൊത്ത വില്പനനഷ്‌ടം തുടരുന്നു. ജനുവരിയിൽ ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പനയിൽ എല്ലാവിഭാഗം ശ്രേണികളും ചേർന്ന് കുറിച്ചത് 18.8 ശതമാനം നഷ്‌ടമാണ്. 2021 ജനുവരിയിലെ 17.33 ലക്ഷം യൂണിറ്റുകളിൽ നിന്ന് 14.06 ലക്ഷത്തിലേക്കാണ് കഴിഞ്ഞമാസത്തെ ഇടിവെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. ഒമിക്രോൺ വ്യാപനവും പ്രാദേശിക നിയന്ത്രണങ്ങളും വില്പനയെ ബാധിച്ചു.

ഇടിവിന്റെ പാത

 പാസഞ്ചർ ശ്രേണി ജനുവരിയിൽ നേരിട്ടത് 8.05 ശതമാനം നഷ്‌ടം. 2.76 ലക്ഷത്തിൽ നിന്ന് 2.54 ലക്ഷം യൂണിറ്റുകളിലേക്ക് വില്പനയിടിഞ്ഞു.

 ശ്രേണിയിൽ കാറുകളുടെ വില്പന 1.53 ലക്ഷത്തിൽ നിന്ന് 1.26 ലക്ഷത്തിലേക്കും വാനുകളുടേത് 11,816ൽ നിന്ന് 10,632 യൂണിറ്റിലേക്കും കുറഞ്ഞു.

 എസ്.യു.വികൾ മാത്രം നേട്ടത്തിലേറി. വില്പന ഉയർന്നത് 1.11 ലക്ഷത്തിൽ നിന്ന് 1.16 ലക്ഷം യൂണിറ്റുകളിലേക്ക്.

 ടൂവീലർ വില്പന 21 ശതമാനം കുറഞ്ഞു. ത്രീവീലർ വില്പന 26,794ൽ നിന്ന് 24,091 യൂണിറ്റുകളിലെത്തി.