
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്ത് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. 18 ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകൾ മേളയിലൊരുക്കിയിട്ടുണ്ട്.