
ചെന്നൈ: ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിനും സ്വതന്ത്രവും ശക്തവുമായ കാഴ്ചപ്പാടുകളുണ്ടാക്കുന്നതിനും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ബ്യൂറോ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അംബാസഡർ കെല്ലി കെയ്‌ഡെർലിംഗിന്റെ നേതൃത്വത്തിൽ ഇന്തോ പസഫിക് സർക്കിൾ രൂപീകരിച്ചു (ഐ പി സി).
ഇന്തോ- പസഫിക്കിന്റെ കാഴ്ചപ്പാടുകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് റിസേർച്ച് (സി എസ് ഡി ആർ) സെന്റർ ഫോർ പോളിസി റിസേർച്ച് (സി പി ആർ) എന്നിവയുടെ സഹകരണത്തോടെ രൂപീകരിച്ച സർക്കിൾ ഇന്നലെ നടന്ന വിർച്വൽ പരിപാടിയിൽ കെല്ലി കെയ്‌ഡെർലിംഗ് ഉദ്ഘാടനം ചെയ്തു.
ഇന്തോ പസിഫിക് മേഖലയിലെ പ്രവർത്തനങ്ങൾ 21ാം നൂറ്റാണ്ടിന്റെ പാതയെ രൂപപ്പെടുത്തും. പദ്ധതി കേന്ദ്രീകരിക്കാൻ ഏറ്റവും മികച്ച സ്ഥലമാണ് ഇന്ത്യ. ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെല്ലി കെയ്‌ഡെർലിംഗ് പറഞ്ഞു.
ബംഗ്ളാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ യുവ അക്കാദമിക് വിദഗ്ദ്ധരെയും ഗവേഷകരെയും ബന്ധിപ്പിക്കുന്ന ഈ പ്ളാറ്റ്‌ഫോം മികച്ച തുടക്കമാണെന്ന് സി എസ് ഡി ആർ സ്ഥാപകനും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാപ്പിമോൻ ജേക്കബ് പറഞ്ഞു. വിദേശകാര്യ വിദഗ്ദ്ധൻ സി.രാജ മോഹൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്തോ പസിഫിക് മേഖലയിലെ യുവാക്കളായ പഠിതാക്കളെയും ഗവേഷകരെയും ഒന്നിപ്പിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള വിവരണങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന ആശയങ്ങളും ശൃംഖലകളും സംവാദങ്ങളും മേഖലയിൽ നിന്ന് സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഹാപ്പിമോൻ ജേക്കബ് പറഞ്ഞു. നാളെയുടെ നേതാക്കളുടെ ഒരു കൂട്ടമാണ് ഇതെന്നും പരമാധികാരം, പ്രാദേശിക സമഗ്രത, രാഷ്ട്രങ്ങളുടെ സമത്വം എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.