
വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാർ എത്രയും വേഗം യുക്രെയിൻ വിടണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എൻ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെലാറസുമായി ചേർന്ന് റഷ്യ കഴിഞ്ഞ ദിവസം യുക്രെയിനിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചിരുന്നു. കരിങ്കടലിൽ യുക്രെയിനിന്റെ തെക്കന്‍ തീരത്ത് റഷ്യൻ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരുലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയിൻ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്.
അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചർച്ചകൾ ഫലം കണ്ടില്ല. റഷ്യയുടെ പ്രശ്നങ്ങൾ കേൾക്കാൻ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേർ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്റോവ് വിശേഷിപ്പിച്ചത്. പ്രശ്നം പരിഹരിക്കാൻ റഷ്യ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുക്രെയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ലിസും ആവശ്യപ്പെട്ടു.
ചർച്ച നടത്തി ബോറിസ് ജോൺസൻ
വിഷയത്തിൽ നാറ്റോ സഖ്യരാജ്യങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചർച്ച നടത്തിയിരുന്നു. ബ്രസൽസും പോളണ്ടും അദ്ദേഹം സന്ദർശിച്ചു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിനെയും അദ്ദേഹം സന്ദർശിച്ചു. റഷ്യ, യുക്രെയിനിൽ അധിനിവേശം നടത്തിയാൽ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൈനിക വിന്യാസ ദൃശ്യങ്ങൾ പുറത്ത്
യുക്രെയിന് സമീപം റഷ്യ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാക്‌സർ ടെക്‌നോളജീസ് വീണ്ടും പുറത്തുവിട്ടു. ഫെബ്രുവരി ഒൻപത്, പത്ത് തീയതികളിലെ ദൃശ്യങ്ങൾ ആണിതെന്നാണ് വിവരം.യുക്രെയിന് സമീപം നിരവധി പ്രദേശങ്ങളിൽ റഷ്യ പുതിയ സൈനിക വിന്യാസങ്ങള്‍ ആരംഭിച്ചെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രിമിയ, പടിഞ്ഞാറൻ റഷ്യ, ബെലാറസ് എന്നിവിടങ്ങളിലെ സേനാ വിന്യാസമാണ് ദൃശ്യങ്ങളിലുള്ളത്.
മുന്നറിയിപ്പുമായി ബ്ലിങ്കൻ
റഷ്യ ഏതുനിമിഷവും യുക്രെയിനിൽ ആധിപത്യം ഉറപ്പിച്ചേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ. ശീതകാല ഒളിമ്പിക്സിനിടയിലും അത് സംഭവിച്ചേക്കാം. യുക്രെയിൻ അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസത്തിന്റെ പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബ്ലിങ്കന്റെ പ്രതികരണം.