
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ കീഴടക്കി കിരീട പ്രതീക്ഷകൾ നിലനിറുത്തി. ഇരട്ടഗോളുകളുമായി കളം നിറഞ്ഞ പോർച്ചുഗീസ് സ്ട്രൈക്കർ ഡിയാഗോ ജോട്ടയാണ് മാനേയും സലയും ഇല്ലാതിറങ്ങിയ ലിവറിന്റെ വിജയശില്പിയായത്.
34,87 മിനിട്ടുകളിലായിരുന്നു ജോട്ടയുടെ ഗോളുകൾ പിറന്നത്. ജോട്ടയുടെ സീസണിലെ ആകെ ഗോൾ സമ്പാദ്യം 11 ആയി. 23 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 60 പോയിന്റുമായി സിറ്റിയാണ് ഒന്നാം സ്ഥാനത്ത് കഴിഞ്ഞ ദിവസം അവർ ബ്രെന്റ്ഫോർഡിനെ 2-0ത്തിന് വീഴ്ത്തിയിരുന്നു. കെവിൻ ഡി ബ്രൂയിനെയും പെനാൽറ്റിയിലൂടെ റിയാദ് മെഹ്‌രസുമാണ് സിറ്റിക്കായി സ്കോർചെയ്തത്. മറ്റൊരു മത്സരത്തിൽ ആഴ്സണൽ ഏകപക്ഷീയമായ ഒരു ഗോളിന് വൂൾവ്‌സിനെ കീഴടക്കിയപ്പോൾ ടോട്ടൻഹാമിനെ സതാംപ്ടൺ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി.