vineetha

തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടുംകുറ്റവാളി. ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്ര.

2014ൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്ര.മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. കേസിൽ ഒന്നരവർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങി മറ്റ് ചില കുറ്റകൃത്യങ്ങളിലും ഏ‌ർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

മോഷണം നടത്തുമ്പോൾ ആരെങ്കിലും തിരിച്ച് ആക്രമിക്കാനോ, പ്രതിരോധിക്കാനോ ശ്രമിച്ചാൽ ഇവരെ വകവരുത്തുന്നതാണ് ഇയാളുടെ രീതി. തമിഴ്നാട്ടിൽ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് ഇയാൾ. ഡിസംബറിലാണ് രാജേന്ദ്ര തിരുവനന്തപുരത്തെത്തിയത്. രാജേഷ് എന്ന പേരിൽ പേരൂർക്കടയിലെ ഒരു ചായക്കടയിൽ ജോലിക്ക് കയറി. കത്തിയുമായാണ് നടപ്പ്.

ചെടിച്ചട്ടി വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വിനീത ജോലിക്ക് നിൽക്കുന്ന കടയിലെത്തിയത്. ഏത് തരത്തിലുള്ള ചെടിച്ചട്ടി വേണമെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ കഴിഞ്ഞില്ല. ഇതോടെ യുവതിക്ക് സംശയം തോന്നി. നിലവിളിക്കാൻ ശ്രമിച്ചതോടെയാണ് ആക്രമിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെട്ടത്.