
മുംബയ്: കർണാടകയിലെ കോളേജുകളിൽ ഹിജാബ്
നിരോധിച്ചത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്.
'നിങ്ങൾക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ നടക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രരാകാൻ പഠിക്കൂ."- എഴുത്തുകാരനായ ആനന്ദ് രംഗനാഥൻ സമൂഹമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് കങ്കണ പോസ്റ്റ് ചെയ്തു.
കങ്കണയുടെ പോസ്റ്റിന് പിന്നാലെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുതിർന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി. അഫ്ഗാനിസ്ഥാൻ ഒരു ദിവ്യാധിപത്യ രാഷ്ട്രമാണെന്നും എന്നാൽ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക് ആണെന്നുമാണ് ശബാന പ്രതികരിച്ചത്. തെറ്റുണ്ടെങ്കിൽ തിരുത്തൂ എന്ന ആമുഖത്തോടുകൂടി കങ്കണയുടെ കുറിപ്പ് പങ്കുവച്ചായിരുന്നു ശബാനയുടെ പോസ്റ്റ്. ശബാന ആസ്മിയുടെ ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും വിഷയത്തിൽ പ്രതികരിച്ചു. തനിക്ക് ബുർഖയോടും ഹിജാബിനോടും പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലെന്നും എന്നാൽ പ്രതിഷേധത്തിന്റെ പേരിലുള്ള ഗുണ്ടായിസം അപലപനീയമാണെന്നും ജാവേദ് കുറിച്ചു.
കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് ക്ലാസിൽ കയറാൻ അധികൃതർ അനുമതി നിഷേധിച്ചത്. സംഭവത്തിന് പിന്നാലെ ഉഡുപ്പിയിലെ മറ്റ് സർക്കാർ കോളേജുകളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.