v

വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി രേഖകൾ നശിപ്പിച്ചെന്നും കടത്തിക്കൊണ്ടുപോയെന്നും ആരോപണം. രേഖകൾ കീറി ശൗചാലയത്തിൽ ഒഴുക്കിയെന്നും ഫ്ലോറിഡയിലേക്ക് കടത്തിയെന്നുമാണ് പ്രധാന ആരോപണം. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് പ്രസിഡൻഷ്യൽ രേഖകൾ സംരക്ഷിക്കുന്നതിന്റെ ചുമതലയുള്ള നാഷണൽ ആർക്കൈവ്‌സും ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ.എ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് അഭ്യർത്ഥിച്ചെന്നാണ് റിപ്പോർട്ടുകൾ.

രേഖകൾ ട്രംപ് കീറിക്കളയാറുണ്ടായിരുന്നുവെന്ന് എൻ.എ പറയുന്നു. ട്രംപിന്റെ ഫ്ലോറിഡയിലെ എസ്‌റ്റേറ്റിൽ നിന്ന് 15 പെട്ടി രേഖകൾ കണ്ടെത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വൈറ്റ് ഹൗസ് ഒഴിയുമ്പോൾ കടത്തിക്കൊണ്ടുപോയ രേഖകളാണിവയെന്നാണ് വിവരം.

 നിരവധി പ്രധാന രേഖകൾ

ട്രംപിന്റെ എസ്‌റ്റേറ്റിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ഔദ്യോഗിക കത്തിടപാടുകളും ഉണ്ടായിരുന്നു. ഈ കത്തിടപാടുകളെ പ്രണയലേഖനങ്ങളെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അയച്ച കത്തും കണ്ടെത്തിയെന്നാണ് വിവരം. കീറിക്കളഞ്ഞ ചില രേഖകൾ ട്രംപ്

ഒട്ടിച്ചെടുത്തെന്നും എൻ.എ വെളിപ്പെടുത്തി.

 ആരോപണങ്ങൾ തള്ളി ട്രംപ്

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു. നാഷണൽ ആർക്കൈവ്‌സുമായുള്ള ബന്ധം ഊഷ്മളവും സൗഹാദ്ദപരവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

 വാട്ടർഗേറ്റ് അഴിമതിയുടെ പശ്ചാത്തലത്തിൽ പാസാക്കിയ 1978 ലെ പ്രസിഡൻഷ്യൽ റെക്കോഡ്‌സ് നിയമപ്രകാരം അമേരിക്കൻ പ്രസിഡന്റുമാർ ഇ - മെയിലുകൾ, കത്തിടപാടുകൾ, മറ്റ് രേഖകൾ എന്നിവ നാഷണൽ ആർക്കൈവ്‌സിലേക്ക് മാറ്റണം. ട്രംപ് ഇത് ലംഘിച്ചുവെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്