
വാഷിംഗ്ടൺ: 52 ആഴ്ചയ്ക്കിടെ യു.എസ് പൗരനായ ഡേവിഡ് റഷ് നേടിയത് 52 റെക്കാഡുകൾ. ഇലക്ട്രിക് എൻജിനിയറായ റഷ് 2021ലാണ് റെക്കാഡുകൾ വാരിക്കൂട്ടിയത്. ഇതിൽ 43 എണ്ണത്തിന് അംഗീകാരം നൽകിയതായി ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സ് അധികൃതർ അറിയിച്ചു. അഞ്ച് അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരു മണിക്കൂർ 30 മിനിട്ട് അഞ്ച് സെക്കൻഡ് താടിയെല്ലിൽ താങ്ങി നിറുത്തിയതാണ് റഷിന്റെ അവസാന റെക്കാഡ്. 2015 മുതലാണ് റെക്കാഡുകൾ തകർക്കുന്നത് റഷ് ഹോബിയാക്കിയത്. ഇതുവരെ 200 റെക്കാഡുകളാണ് റഷ് നേടിയത്.കണ്ണ് കെട്ടി പന്തുകൾ അമ്മാനമാടി 100 മീറ്റർ ഓടിയതാണ് ആദ്യ റെക്കാഡ്. രണ്ടു വർഷം പരിശീലനം നടത്തിയാണ് മത്സരത്തിന് ഇറങ്ങിയത്. പരിശീലനത്തിനിടെ കാൽ ഒടിഞ്ഞിരുന്നു. പക്ഷെ, ഞാൻ പിന്മാറിയില്ല - റഷ് പറയുന്നു. അയൽക്കാരിയെ ഏറ്റവും വേഗത്തിൽ കടലാസിൽ പൊതിഞ്ഞതിനും റഷിന് റെക്കാഡ് ലഭിച്ചു.ഏറ്റവുമധികം കിവിപ്പഴങ്ങൾ സാമുറായ് വാളുകൊണ്ട് മുറിച്ചതിന്റെ റെക്കാഡ് നേടാനാണ് ഏറ്റവും ബുദ്ധിമുട്ടിയത്. പരിശീലനത്തിന് ഇടയിൽ നിരവധി തവണ പരുക്കേറ്റു. പക്ഷെ, ഞാൻ തളർന്നില്ല. 85 കിവിപ്പഴങ്ങളാണ് ഒരു മിനിട്ടിൽ മുറിച്ചത് - റഷ് പറഞ്ഞു.
ഒരു മിനിട്ടിൽ 49 ആപ്പിലുകൾ വായിലാക്കിയതിന്റെ റെക്കാഡും റഷിന് സ്വന്തം. സുഹൃത്തായ ജൊനാഥൻ ഹാനനാണ് 15 മീറ്റർ അകലെ നിന്ന് ചെറിയ ആപ്പിളുകൾ എറിഞ്ഞു നൽകിയത്. ആപ്പിളുകൾ കൊണ്ട് വായിൽ മുറിവേറ്റെങ്കിലും റഷ് തളർന്നില്ല.
 പ്രധാന റെക്കാഡുകൾ
 കണ്ണ് കെട്ടി നൂറുമീറ്റർ വേഗത്തിൽ ഓടിയതിന്
 കോടാലികൾ അമ്മാനമാടിയതിന്
 ഒരു മിനുട്ടിൽ ഏറ്റവുമധികം പഞ്ഞിമിഠായി വായിലാക്കിയതിന്
 ഏറ്റവും വേഗത്തിൽ പത്ത് ബലൂണുകൾ പൊട്ടിച്ചതിന്
 തലയിൽ തേച്ച ഷേവിംഗ് പതയിൽ ഏറ്റവുമധികം ടെന്നീസ് ബോളുകൾ സൂക്ഷിച്ചതിന്
 താടിയിൽ ബേസ് ബോൾ ബാറ്റ് വച്ച് ഏറ്റവും കൂടുതൽ ദൂരം നടന്നതിന്
 താടിയിൽ ഏറ്റവുമധികം സമയം കസേര നിറുത്തിയതിന്
 ഏറ്റവും വേഗത്തിൽ ചെസ് ബോർഡ് സെറ്റ് ചെയ്തതിന്
 30 സെക്കൻഡിൽ ഏറ്റവുമധികം ടി-ഷർട്ട് ധരിച്ചതിന്
 മുന്തിരികൾ വേഗത്തിൽ  
വെട്ടിമുറിച്ചതിന്