
തിരുവനന്തപുരം: പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തുന്നതിനായി സ്വന്തം ദേഹത്തും ബന്ദിയാക്കിയാക്കിയ ശേഷം അനുജന്റെ ദേഹത്തും പെട്രോളൊഴിച്ച് തീപ്പെട്ടിയുമായി യുവാവ്. വെമ്പായം ഒഴുകുപാറ ഈട്ടിമുട്ടിൽ ഇന്ന് ഉച്ചയോടെയാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി മുഴക്കിയുളള ആക്രമണം ഉണ്ടായത്.
ഒഴുകുപാറ സജിന മൻസിലിൽ ഷാജഹാൻ(37) ആണ് സ്വന്തം സഹോദരൻ സഹീറിന്റെ മുറിയിലിട്ട് പൂട്ടി ആത്മഹത്യാ ഭീഷണി മുഴക്കി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചത്. ഷാജഹാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ഉമ്മയെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കിയാണ് ഇയാൾ സഹോദരനെ അപായപ്പെടുത്താനും സ്വയം ആത്മഹത്യ ചെയ്യാനും ശ്രമിച്ചത്. പൊലീസ് ഇടപെട്ട് പിണങ്ങിപ്പോയ ഭാര്യയെ കൊണ്ടുവരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്‌നങ്ങളെല്ലാം.
ബന്ധുക്കളെയും നാട്ടുകാരെയും അടുപ്പിക്കാതിരുന്നതോടെ അഗ്നിശമന സേനയും വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി. സ്‌റ്റേഷൻ എസ്‌എച്ച്ഒ സൈജു നാഥിനോട് നയത്തിൽ സംസാരിച്ച് ഷാജഹാനെ പുറത്തെത്തിച്ച ശേഷം വീടിന് പിറകിൽ നിന്ന് സംസാരിക്കുന്നതിനിടെ അഗ്‌നിശമന സേനാ അംഗങ്ങൾ ഷാജഹാന്റെയും സഹോദരന്റെയും മേൽ വെളളമൊഴിച്ചു. പിന്നീട് ഇയാളെ കീഴ്‌പെടുത്തിയ ശേഷം അനുജനെ രക്ഷിച്ചു.