aster

 കേരളത്തിൽ വൻ വികസന പദ്ധതികൾ

കൊച്ചി: ആസ്‌റ്റർ ഡി.എം ഹെൽത്ത്‌കെയർ നടപ്പുവർഷം ഡിസംബർപാദത്തിൽ 19 ശതമാനം വളർച്ചയോടെ 2,650 കോടി രൂപ സംയോജിത വരുമാനം നേടി. ഇന്ത്യയിലെ വരുമാനം 34 ശതമാനം ഉയർന്ന് 618 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിലെ 8 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്ന് 36 കോടി രൂപയുടെ ലാഭത്തിലേക്കും കഴിഞ്ഞപാദത്തിൽ കമ്പനി മുന്നേറി.

ഒമിക്രോൺ പശ്ചാത്തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്ന് ആസ്‌റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആഗോള നിലവാരം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾക്കാണ് കേരളത്തിൽ ആസ്‌റ്റർ തുടക്കമിടുന്നത്.

മലപ്പുറം അരീക്കോട് 300 കിടക്കകളുള്ള ആശുപത്രി, കോഴിക്കോട് ആസ്‌റ്റർ മിംസിനോട് ചേർന്ന് 70 ബെഡ്ഡുകളോടെ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കൽ,​ കാസർകോട് 140 കോടി രൂപ ചെലവിൽ 200 ബെഡ്ഡുകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി,​ കണ്ണൂർ ആസ്‌റ്റർ മിംസിൽ 100 ബെഡ്ഡുകളുള്ള പുതിയ ബ്ളോക്ക് എന്നിവ ഇതിലുൾപ്പെടുന്നു.

അടുത്ത സാമ്പത്തികവർഷം 33 ലാബുകളും 400 എക്‌സ്‌പീരിയൻസ് സെന്ററുകളും പ്രവർത്തനം ആരംഭിക്കും. ഉപകമ്പനിയായ ആൽഫവൺ റീട്ടെയിൽ ഫാർമസി കർണാടക,​ കേരളം,​ തെലങ്കാന എന്നിവിടങ്ങളിലായി 90 ഫാർമസികൾ തുറന്നു; അടുത്തവർഷം 300 ഫാർമസികളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.