v

കാൻബറ:ഭീകരവാദമടക്കമുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ കഠിനപ്രയത്നം നടത്തുമെന്ന് ക്വാഡ് അംഗങ്ങൾ. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗം ഇന്നലെയാണ് ആസ്ട്രേലിയയിലെ മെൽബണിൽ ആരംഭിച്ചത്. ആദ്യ യോഗത്തിന് ശേഷം ലോകസമാധാനം തകർക്കുന്ന പ്രവർത്തികൾ നിറുത്തണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് അംഗങ്ങൾ ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് കത്തയച്ചു. യോഗത്തിൽ ഭരണാധികാരികളുടെ പേരെടുത്ത് വിമർശനം ഉന്നയിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
റഷ്യ-യുക്രെയിൻ സംഘർഷ സാദ്ധ്യതയും അമേരിക്കയും സഖ്യ സേനകളും മറുവശത്തുമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്വാഡ് യോഗമെന്നത് നിർണായകമാണ്. വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ് എസ്. ജയശങ്കർ ഓസ്ട്രേലിയ സന്ദർശിക്കുന്നത്. കൊവിഡ് മൂലമുള്ള രാജ്യാതിർത്തികളിലെ നിയന്ത്രണങ്ങളും വ്യോമഗതാഗവും വാണിജ്യ വ്യാപാര ബന്ധങ്ങളുടെ സുതാര്യതയും ചർച്ചയായേക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനെ ജയശങ്കർ സന്ദർശിക്കും.

അമേരിക്കയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസേ പയ്നേ, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹൈയ്യാഷി, എന്നിവരാണ് ജയശങ്കറെ കൂടാതെ യോഗത്തിൽ പങ്കെടുക്കുന്നത്.