
ബെംഗളൂരു: ഐ.പി.എൽ പതിനഞ്ചാം സീസണിന് മുന്നോടിയായി മെഗാതാരലേലം ഇന്നും നാളെയുമായി ബെംഗളൂരുവിൽ നടക്കും. ബെംഗളൂരുവിലെ ഐ.ടി.സി ഗാർഡേനിയയിൽ ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ താരലേലം തുടങ്ങും. നിലവിലുണ്ടായിരുന്ന 8 ടീമുകളിലായി 27 താരങ്ങൾ നിലനിറുത്തപ്പെട്ടിട്ടുണ്ട്. പുതുതായി എത്തിയ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയിന്റ്സും മൂന്ന് താരങ്ങളെ വീതം മെഗാലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളും ഉൾപ്പെടെ 590പേരെയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 161 താരങ്ങളുടെ ലേലമാണ് ആദ്യദിനം ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. പുതിയ രണ്ട് ടീമുകൾ കൂടി വന്നതിനാലാണ് ഇത്തവണ മെഗാലേലം നടത്തുന്നത്. അടുത്ത കാലത്തൊന്നും ഒരു മെഗാലേലത്തിന് സാധ്യതയില്ലാത്തതിനാൽ ഭാവി കൂടി മുന്നിൽ കണ്ടായിരിക്കും ടീമുകൾ ലേലത്തിൽ പങ്കെടുക്കുക. ആരാധകരെക്കൂടി ഉൾപ്പെടുത്തി മോക് ലേലങ്ങൾ നടത്തിയും അഭിപ്രായങ്ങൾ ആരാഞ്ഞുമാണ് ഫ്രാഞ്ചൈസികൾ ലേലത്തിനായി ഒരുങ്ങുന്നത്.
ജാക്പോട്ട് തേടി
മെഗാലേലത്തിൽ പൊന്നിൻ വില കിട്ടുമെന്ന് കരുതുന്ന രണ്ട് ഇന്ത്യൻ യുവതാരങ്ങളാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും. നേതൃഗുണമാണ് ശ്രേയസിന്റെ വലിയ പ്ലസ് പോയിന്റ്. പുതിയ ക്യാപ്ടനെ തിരയുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സ് ഇലവനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും അയ്യറിനെ സ്വന്തമാക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അയ്യറിന് ബമ്പറടിക്കുമെന്നാണ് കരുതുന്നത്.
ഏത് പൊസിഷനിലും ബാറ്റ് ചെയ്യുന്ന മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമായ ഇഷാൻ കിഷനായി ടീമുകളെല്ലാം രംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഭാവി ക്യാപ്ടനെന്ന നിലയിലും ഉയർത്തിക്കൊണ്ടു വരാവുന്ന താരമായ ഇഷാന് 15 കോടിയെങ്കിലും കിട്ടുമെന്ന് കഴിഞ്ഞ ദിവസം ആർ. അശ്വിൻ പറഞ്ഞിരുന്നു. ദീപക്ക് ചഹറും ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും ആർ.അശ്വിനും ശിഖർ ധവാനും ക്വിന്റൺ ഡി കോക്കും ഡേവിഡ് വാർണറും ജേസൺ ഹോൾഡർ, കഗിസോ റബാഡയുമെല്ലാം എത്ര കോടിക്ക് എവിടെയെത്തുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
കേരള താരങ്ങൾ
സൂപ്പർ താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് നിലനിറുത്തിയിട്ടുണ്ട്. അവരുടെ ക്യാപ്ടനാണ് സഞ്ജു. വെറ്റ്റൻ പേസർ എസ്. ശ്രീശാന്ത്, സച്ചിൻ ബേബി, വിഷ്ണു വിനോദ്, എസ്.മിഥുൻ,എം.ഡി നിതീഷ്, മൊഹമ്മദ് അസ്ഹറുദ്ദീൻ, റോഹൻ എസ്. കുന്നുമ്മൽ , സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ഷോൺ റോജർ , കെ.എം ആസിഫ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾ. കേരള ടീമിൽ കളിക്കുന്ന റോബിൻ ഉത്തപ്പ, ജലജ് സക്സേന എന്നിവരും ലേലത്തിലുണ്ട്.
മാർക്വീ താരങ്ങൾ
മാർക്വീ താരങ്ങളായി 10 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡികോക്ക്,ട്രെന്റ് ബൗൾട്ട്, ഫാഫ് ഡുപ്ലസി, കഗീസോ റബാദ, ഡേവിഡ് വാർണർ എന്നിവരാണ് മാർക്വീ താരങ്ങങ്ങൾ.
നോട്ട് ദ പോയിന്റ്
ടീമുകൾ, നിലനിറുത്തിയവർ (തുക കോടിയിൽ), കൈവശമുള്ള തുക എന്ന ക്രമത്തിൽ
ചെന്നൈ - രവീന്ദ്ര ജഡേജ (16) , എം.എസ് ധോണി (12) മോയിൻ അലി (8) റുതുരാജ് ഗെയ്ക് വാദ് (6) - 48 കോടി
ഡൽഹി - റിഷഭ് പന്ത് (16), അക്ഷർ പട്ടേൽ (9) പ്രിഥ്വി ഷാ (7.5), നോർട്ട്ജെ (6.5) - 47.50 കോടി
ഗുജറാത്ത് - ഹാർദ്ദിക് പാണ്ഡ്യ (15), റഷിദ് ഖാൻ (15), ശുഭ്മാൻ ഗിൽ (8) - 52 കോടി
കൊൽക്കത്ത - ആന്ദ്രേ റസ്സൽ (12) വെങ്കിടേഷ് അയ്യർ (8), വരുൺ ചക്രവർത്തി (8), സുനിൽ നരെയ്ൻ (6) - 48 കോടി
ലക്നൗ - കെ.എൽ രാഹുൽ (17), മാർകസ് സ്റ്റോയിനിസ് (9.2), രവി ബിഷ്ണോയി (4) - 59 കോടി
മുംബയ്- രോഹിത് ശർമ്മ (16), ജസ്പ്രീത് ബുംറ(12), സൂര്യകുമാർ യാദവ് (8), കീറോൺ പൊള്ളാഡ് (6) -48 കോടി
പഞ്ചാബ് - മായങ്ക് അഗർവാൾ (12), അർഷദീപ് (4) -72 കോടി
ബാംഗ്ലൂർ - വിരാട് കൊഹ്ലി (15), ഗ്ലെൻ മാക്സ്വെൽ (11), മുഹമ്മദ് സിറാജ് (7) -57 കോടി
രാജസ്ഥാൻ - സഞ്ജു സാംസൺ (14), ജോസ് ബട്ട്ലർ (10), യശ്വസി ജയ്സ്വാൾ (4) - 62 കോടി
ഹൈദരാബാദ് - കേൻ വില്യംസൺ (14), ഉമ്രാൻ മാലിക് (4), അബ്ദുൾ സമദ് (4) -68 കോടി