
ചെന്നൈ: ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിനും സ്വതന്ത്രവും ശക്തവുമായ കാഴ്ചപ്പാടുകളുണ്ടാക്കുന്നതിനും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ബ്യൂറോ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അംബാസഡർ കെല്ലി കെയ്ഡർലിംഗിന്റെ നേതൃത്വത്തിൽ ഇൻഡോ പസഫിക് സർക്കിൾ (ഐ.പി.സി) രൂപീകരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫെൻസ് റിസർച്ച് (സി.എസ്.ഡി.ആർ), സെന്റർ ഫോർ പോളിസി റിസർച്ച് എന്നിവയുടെ സഹകരണത്തോടെ രൂപീകരിച്ച സർക്കിൾ ഇന്നലെ നടന്ന വിർച്വൽ സമ്മേളനത്തിൽ കെല്ലി കെയ്ഡർലിംഗ് ഉദ്ഘാടനം ചെയ്തു.
'ഇന്തോപസഫിക് മേഖലയിൽ സംഭവിക്കുന്നത് 21ാം നൂറ്റാണ്ടിന്റെ പാതയെ രൂപപ്പെടുത്തും. സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക്കിൽ യു.എസ് വിശ്വസിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിന് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന നിയമാധിഷ്ഠിത അന്താരാഷ്ട്ര സംവിധാനം അവശ്യമാണ്. ഇന്തോ- പസഫിക് സർക്കിൾ കേന്ദ്രീകരിക്കാൻ, യു.എസിന്റെ സുപ്രധാന പങ്കാളിയായ ഇന്ത്യ ഒരു മികച്ച സ്ഥലമാണ്. ബൗദ്ധിക ജിജ്ഞാസയ്ക്കും ലോകോത്തര അക്കാഡമിക് കഴിവുകൾക്കും ഇന്ത്യയ്ക്ക് സമാനതകളില്ലെന്നും' കെല്ലി പറഞ്ഞു.
ഇൻഡോപസഫിക് സർക്കിൾ നാളത്തെ നേതാക്കളുടെ ഒരു ബൗദ്ധിക കൂട്ടായ്മയാണെന്നും ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ യുവ അക്കാഡമിക് വിദഗ്ദ്ധരെയും ഗവേഷകരെയും ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം മികച്ച തുടക്കമാണെന്നും ജെ.എൻ.യു അസോസിയേറ്റ് പ്രൊഫസറും കൗൺസിൽ ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് റിസർച്ചിന്റെസ്ഥാപകനുമായ ഹാപ്പിമോൻ ജേക്കബ് പറഞ്ഞു. വിദേശകാര്യ വിദഗ്ദ്ധനും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ സി. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു.