
ഇസ്ലാമാബാദ്: രാജ്യത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവരാനായില്ലെന്ന് തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതിന് കാരണം ഉദ്യോഗസ്ഥഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്ലാമാബാദിൽ നടന്ന സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭരണം ആരംഭിച്ചപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, സർക്കാർ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ മൂലം അത് നടന്നില്ല. സർക്കാരും മന്ത്രിമാരും മികച്ച ഫലം നൽകിയില്ല. സർക്കാരും രാജ്യതാത്പര്യവുമായി ബന്ധമില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രശ്നം. കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തിന് സ്ഥിരതയുണ്ടാക്കാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. എന്നാൽ ഇത് കൊണ്ട്, എങ്ങനെ ജനങ്ങളുടെ അവസ്ഥയിൽ മാറ്റം വരും?. എങ്ങനെ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യും? -ഇമ്രാൻ ചോദിച്ചു?.
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴാണ് ഇമ്രാന്റെ കുറ്റസമ്മതമെന്നത് എടുത്തുപറയേണ്ടതാണ്.