thums-up

ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ശീതളപാനീയ നിർമ്മാണക്കമ്പനിയായ കൊക്ക-കോളയുടെ കീഴിലെ ജനപ്രിയ ഇന്ത്യൻ കോളാ ബ്രാൻഡായ തംസ് അപ്പ് ബില്യൺ ഡോളർ വിറ്റുവരവ് ക്ളബ്ബിൽ പ്രവേശിച്ചു. 2021ലാണ് പ്രവർത്തന ചരിത്രത്തിലാദ്യമായി തംസ് അപ്പിന്റെ വിറ്റുവരവ് 100 കോടി ഡോളർ (7,500 കോടി രൂപ) കടന്നത്.

ഇന്ത്യൻ കോള വ്യവസായത്തിലെ പ്രമുഖനായ പാർലെ ബിസ്‌ലെറി സ്ഥാപകൻ രമേശ് ചൗഹാൻ 1977ൽ തുടക്കമിട്ട ബ്രാൻഡാണ് തംസ് അപ്പ്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ കൊക്ക-കോള 1993ലാണ് തംസ് അപ്പിനെ വാങ്ങുന്നത്. പിന്നീട് മാസ, ഗോൾഡ് സ്പോട്ട് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകളെയും കൊക്ക-കോള സ്വന്തമാക്കി.

ആഗോളതലത്തിൽ നിരവധി ബില്യൺ ഡോളർ ഉപബ്രാൻഡുകൾ കൊക്ക-കോളയ്ക്കുണ്ട്. ഡിസംബർപാദത്തിൽ കൊക്ക-കോളയുടെ ഇന്ത്യയിലെ വില്പന 30 ശതമാനം വർദ്ധിച്ചിരുന്നു.

1950ൽ ഇന്ത്യയിലെത്തിയ കൊക്ക-കോള, 1977ലെ ഫോറിൻ എക്‌സ്‌ചേഞ്ച് റെഗുലേഷൻ ആക്‌ടിന്റെ (ഫെറ) പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 1993ൽ ഇന്ത്യയിൽ തിരിച്ചെത്തിയ കൊക്ക-കോളയെ കാത്തിരുന്നത് വിപണിയുടെ 85 ശതമാനം വിഹിതവും കൈയാളുന്ന തംസ് അപ്പാണ്. മുഖ്യ എതിരാളിയായി പെപ്‌സിയുമുണ്ടായിരുന്നു. പെപ്‌സിയുടെ വെല്ലുവിളി മറികടക്കാനായാണ് തംസ് അപ്പിനെ കൊക്ക-കോള വാങ്ങിയത്.