kashmir

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ബന്ദിപ്പോര ജില്ലയിൽ നിഷാത് പാർക്കിന് സമീപം പെട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് നേരേ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. സ്‌പെഷ്യൽ പൊലീസ് ഓഫീസർ സുബൈർ അഹമ്മദാണ് ജീവൻ വെടിഞ്ഞത്. നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ആക്രമണമുണ്ടായത്. പൊലീസും ബി.എസ്.എഫും ചേർന്ന സംയുക്തസേന പെട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുബൈർ അഹമ്മദ് വീരമൃത്യു വരിക്കുകയായിരുന്നു. ഭീകർക്കായി സേന തെരച്ചിൽ ശക്തമാക്കി.