
ലക്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ കാണാതായ ദളിത് യുവതിയുടെ മൃതദേഹം മുൻ മന്ത്രിയുടെ ആശ്രമത്തിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സമാജ്‌വാദി പാർട്ടിയുടെ മന്ത്രിയായിരുന്ന ഫത്തെ ബഹദൂർ സിംഗ് നിർമിച്ച ആശ്രമത്തിന്റെ സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഡിസംബർ എട്ടിനാണ് 22കാരിയായ യുവതിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 24ന് ഫത്തെ ബഹദൂർ സിംഗിന്റെ മകൻ രാജോൾ സിംഗിനെ ഉന്നാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു രാജോൾ സിംഗിൽ നിന്ന് ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.ദളിത് യുവതിയുടെ തിരോധാനം ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. .യുവതിയെ കാണാതായതിനു തൊട്ടുപിന്നാലെ സംഭവത്തിൽ രാജോൾ സിംഗിനെ സംശയിക്കുന്നതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ജനുവരി 24ന് ലഖ്നൗവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനത്തിനു മുൻപിൽ യുവതിയുടെ അമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ് രാജോൾ സിംഗിനെ അറസ്റ്റ് ചെയ്തത്.