
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മുൻപ് തീരുമാനിച്ചതുപോലെ മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളം ജില്ലയിൽ നടത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനവും സെമിനാറും സംഘടിപ്പിക്കും.
കൊവിഡ് മാനദണ്ഡമനുസരിച്ചാകും ഇവ നടത്തുക. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കേണ്ടവർ ആർടിപിസിആർ പരിശോധന നടത്തണം. ഇ ബാലാനന്ദൻ നഗറിലാണ് പ്രതിനിധി സമ്മേളനം. സെമിനാർ നടക്കുക അഭിമന്യു നഗറിലാണ്. ഫെബ്രുവരി 13,14 തീയതികളിൽ സമ്മേളന നടത്തിപ്പിന് ആവശ്യമായ പണം ജനങ്ങളിൽ നിന്നും പിരിവെടുക്കും. ഫെബ്രുവരി 21 നാണ് പതാകദിനമായി ആചരിക്കുക.
കണ്ണൂരിൽ നടത്താൻ പോകുന്ന 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്‌ട്രീയ പ്രമേയത്തിൽ പാർട്ടിയിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ പാർട്ടി കേന്ദ്ര കമ്മിറ്റിയെ അറിയിക്കാം. നടത്താൻ അവശേഷിക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15,16 തീയതികളിലായി നടക്കും.