
അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിൽ 96 റൺസിന് വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യയ്‌ക്ക് പരമ്പര നേട്ടം. മൂന്ന് മത്സരങ്ങളുളള പരമ്പരയിൽ എല്ലാ മത്സരങ്ങളും ആധികാരികമായിത്തന്നെ വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
50 ഓവറിൽ 265 റൺസ് നേടിയ ഇന്ത്യയെ എതിരിട്ട വെസ്‌റ്രിൻഡീസ് ഇന്നിംഗ്സ് 37.1 ഓവറിൽ 169 റൺസിന് അവസാനിച്ചു. ഗുജറാത്തിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്‌കോർ 16ൽ നിൽക്കെ അൽസാരി ജോസഫിന്റെ പന്തിൽ മിഡിൽ സ്‌റ്റംപ് തെറിച്ച് രോഹിത്ത് (13)തന്നെ ആദ്യം പുറത്തായി.
മുൻ നായകൻ കൊഹ്‌ലി റണ്ണൊന്നുമെടുക്കാതെ ജോസഫിന് വിക്കറ്റ് സമ്മാനിച്ച് ഉടൻ തന്നെ പുറത്തായി. ക്ഷമയോടെ പിടിച്ചുനിൽക്കാൻ ശ്രമിച്ച ധവാൻ(10) പിന്നാലെ പുറത്ത്. പിന്നീട് ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് ശക്തമായി മുന്നോട്ട് കൊണ്ടുപോയി. സ്‌കോർ 152ൽ നിൽക്കെ 56 റൺസ് നേടിയ പന്ത് പുറത്താകുമ്പോൾ 110 റൺസ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നേടിയിരുന്നു. സൂര്യകുമാർ യാദവ്(6) വേഗം പുറത്തായി. മികച്ച കളി പുറത്തെടുത്ത ശ്രേയസ് അയ്യർ ടീം സ്‌കോർ 187ൽ നിൽക്കെ പുറത്തായി. 111 പന്തുകളിൽ ഒൻപത് ബൗണ്ടറികളുടെ സഹായത്തോടെ ശ്രേയസ് 80 റൺസ് നേടിയിരുന്നു. ശ്രേയസ് ആണ് കളിയിലെ കേമൻ.
പിന്നീട് വാഷിംഗ്‌ടൺ സുന്ദർ(33), ദീപക് ചാഹർ(38) എന്നിവരും നന്നായി കളിച്ചു. വാലറ്റക്കാരായ കുൽദീപ് യാദവ്(5), സിറാജ്(4) എന്നിവരും പുറത്തായതോടെ ഇന്ത്യ 50 ഓവറിൽ 265ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ബാറ്റിംഗ് നിരയ്‌ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്‌ടമായിക്കൊണ്ടിരുന്നു.

സ്‌കോർ 19ൽ നിൽക്കെ ഓപ്പണർ ഷായി ഹോപ്പ് (5) പുറത്തായി. ടീം സ്‌കോർ 25ലെത്തിയതും ബ്രണ്ടൻ കിംഗ് (13) വീണു. ബ്രൂക്ക്സ് നേരിട്ട മൂന്നാം പന്തിൽ റണ്ണൊന്നുമെടുക്കാതെ ഔട്ടായി. നായകൻ പുരാൻ ഡ്വൈൻ ബ്രാവോയുമൊത്ത് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 68ൽ നിൽക്കെ ബ്രൈവോ (19) പുറത്ത്. വാലറ്റക്കാരായ അൽസാരി ജോസഫും(29), സ്‌മിത്തും (36)തകർപ്പൻ അടികളിലൂടെ വിൻഡീസിന് പ്രത്യാശ നൽകിയെങ്കിലും ടീമിന് രക്ഷപ്പെടാനായില്ല. ഇന്ത്യക്കായി സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്നും ദീപക് ചാഹർ, കുൽദീപ് യാദവ് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.