
അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ 96 റൺസിന്റെ വിജയം നേടിയാണ് ഇന്ത്യയുടെ വൈറ്റ്വാഷ്. പുതിയ നായകൻ രോഹിത് ശർമ്മയ്ക്ക് മികച്ച തുടക്കം കൂടിയായി ഈ പരമ്പര വിജയം. ഇന്നലെ അഹമ്മദാബാദിൽ ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 50 ഓവറിൽ 265 റൺസിന് ഓൾൗട്ടായി. മറുപടിക്കിറങ്ങിയ വിൻഡീസ് 37.1 ഓവറിൽ 169 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹറും കുൽദീപ് യാദവുമാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. ചേസിംഗ് ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യയ്ക്ക് ഭീഷണി ഉയർത്താൻ വിൻഡീസിനായില്ല. 18 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 36 റൺസ് നേടി വാലറ്റക്കാരൻ ഒഡേൻ സ്മിത്താണ് അവരുടെ ടോപ്സ്കോറർ. നിക്കോളാസ് പൂരൻ (34), അൽസാരി ജോസഫ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 82 റൺസെടുക്കുന്നതിനിടെ വിൻഡീസിന്റെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.
നേരത്തേ രോഹിത് (13), ധവാൻ (10), കൊഹ്ലി (0) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനം കാഴ്ചവച്ച് ശ്രേയസ് അയ്യരും (111 പന്തിൽ 80), റിഷഭ് പന്തും (54 പന്തിൽ 56) ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ദീപക് ചഹർ (38) , വാഷിംഗ്ടൺ സുന്ദർ (33) എന്നിവരും നിർണായക സംഭാവന നൽകി. ജേസൺ ഹോൾഡർ വിൻഡീസിനായി 4 വിക്കറ്റ് വീഴ്ത്തി. ശ്രേയസാണ് കളിയിലെതാരം. പരമ്പരയിൽ ആകെ 9 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ പ്ലെയർ ഒാഫ് ദ ടൂർണമെന്റായി.