love

ഒരാൾക്ക് മറ്റൊരാളോട് ഇഷ്‌ടം തോന്നുന്നതിന് പലവിധ ഘടകങ്ങളുണ്ട്. പരസ്‌പരം ഇഷ്‌ടം തോന്നുന്നത് പോലും വ്യത്യസ്‌തമായ കാരണങ്ങൾ കൊണ്ടാകാം. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകൾക്ക് ഇഷ്‌ടങ്ങൾക്ക് കാരണമാകുന്നത് വളരെ വ്യത്യസ്‌തമായ കാരണങ്ങളാകാം. സ്വഭാവം,​ ശരീര പ്രകൃതം,​ സാമൂഹികമായ ഇടപെടൽ,​ ഒറ്റനോട്ടത്തിൽ തോന്നുന്ന ആകർഷണീയത,​ ഒരേതരത്തിലുള‌ള താൽപര്യങ്ങൾ ഇങ്ങനെ പലകാര്യങ്ങളും പരിഗണിച്ച് അവയിൽ നിന്നാണ് സ്‌ത്രീകൾ തന്റെ ഇണയെ കണ്ടെത്തുന്നത്.

ബ്രിട്ടണിലെ ഒരു ലൈഫ്‌സ്‌റ്റൈൽ മാഗസിന്റെ സർവെയിൽ പറയുന്നത് രസകരവും കൗതുകകരവുമായ ചില കണ്ടെത്തലുകളാണ്. സ്‌ത്രീകൾക്ക് പുരുഷൻമാരോട് ഇഷ്‌ടം തോന്നാൻ ഇടയാക്കുന്ന ചില കാര്യങ്ങൾ നോക്കാം.

തന്റെ നാട്ടിലെ മിടുക്കനും കൂട്ടത്തിൽ ചുറുചുറുക്കുള‌ളതുമായ യുവാക്കളോടോ ആണുങ്ങളോടോ സ്‌ത്രീകൾക്ക് പ്രണയം തോന്നാറുണ്ട്. പുറത്ത് പറയില്ലെങ്കിലും മനസിലെങ്കിലും തീർച്ചയായും തോന്നിയിട്ടുണ്ടെന്നാണ് സർവെയിൽ പങ്കെടുത്ത പെൺകുട്ടികൾ പറയുന്നത്.

സ്ഥിരമായി ഒരു സ്ഥലത്ത് കാണുന്ന പുരുഷനോട് സ്ത്രീകൾക്ക് ഒരടുപ്പമുണ്ടാകും. ഇയാൾ പരിചയമുള‌ള ആളാകണമെന്നില്ല. എന്നാൽ ഇവരെ വളരെയധികം സ്‌ത്രീകൾ ഇഷ്‌ടപ്പെടും. ജോലി സ്ഥലത്തെ പ്രണയമാണ് മറ്റൊന്ന്. തനിക്ക് എല്ലാ സഹായവും നൽകുന്ന മേലധികാരിയോട് അല്ലെങ്കിൽ തന്നെ മാനിക്കുന്ന കൂടെ ജോലിചെയ്യുന്നയാളോട് പ്രണയം തോന്നാം. ഇത്തരക്കാരോട് സ്‌ത്രീകൾ മനസിലെ കാര്യങ്ങൾ കൂടുതൽ പ്രകടിപ്പിക്കുന്നതിനാലാണിത്.

പഠനകാലത്ത് പ്രണയമുണ്ടായ കഥകളുണ്ട്. എന്നാൽ പഠനത്തിൽ സഹായിക്കുന്ന നന്നായി തന്നോട് പെരുമാറുന്ന അദ്ധ്യാപകരോട് ചില സ്‌ത്രീകൾക്ക് പ്രണയമോ ആരാധനയോടെയുള‌ള പ്രണയമോ ഉണ്ടാകാറുണ്ട്. അതുപോലെ അത്ര കുറവല്ലാത്ത മറ്റൊരു തരം പ്രണയമാണ് സ്വന്തം ബന്ധത്തിലുള‌ള ആളുകളുടെ ബന്ധത്തിലുള‌ള ആളെ ഇഷ്‌ടപ്പെടുന്നത്.

യാത്രയിൽ ഒപ്പമുണ്ടായിരുന്ന മാന്യനായ പുരുഷനെ ഇഷ്‌ടപ്പെടുന്നവരും ആദ്യ കാഴ്‌ചയിൽ തന്നെ തനിക്ക് യോജിച്ചവനാണെന്ന് കണ്ട് ഒരാളെ ഇഷ്‌ടപ്പെടുന്നവരും സ്‌ത്രീകളിലുണ്ടെന്നാണ് സർവെ കണ്ടെത്തിയത്.

സഹോദരങ്ങളുടെ സുഹൃത്തിനെ ഇഷ്‌ടപ്പെടുന്നവരും തന്റെ ചങ്ങാതിയെ അവരറിയാതെ ഇഷ്‌ടപ്പെടുന്നവരും സ്‌ത്രീകളിലുണ്ട്. പൊതുവിൽ നല്ല പെരുമാറ്റവും ആക‌ർഷകത്വവും തന്നെ മാനിക്കുന്നു എന്ന തിരിച്ചറിവും സ്‌ത്രീകളെ പുരുഷന്മാരോട് ഇഷ്‌ടം തോന്നിക്കുന്നതായാണ് സർവെയിൽ വെളിവായത്.