
വിജയ് ദേവരകൊണ്ട ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ താര സുന്ദരിയാണ് രശ്മിക മന്ദാന. എന്നാൽ അല്ലു അർജുന്റെ പുഷ്‌പയുടെ വൻ വിജയത്തോടെ രശ്മികയുടെ താരമൂല്യം കുത്തിച്ചുയർന്നിരിക്കുകയാണ്. പുഷ്പയിലെ ശ്രീവല്ലി ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളും കടന്ന് ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്, മി സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ് ബൈയും അണിയറയിൽ ഒരുങ്ങുന്നു.
ചിത്രങ്ങൾ കൂടുന്നതിനൊപ്പം താരത്തിന്റെ വസതികളുടെ എണ്ണവും വർദ്ധിക്കുകയാണ്. ബോളിവുഡിൽ സജീവമായതോടെ മുംബയിലും മറ്റ് വിവിധ നഗരങ്ങളിലായി അഞ്ച് വീടുകളാണ് രശ്മികയ്ക്ക് സ്വന്തമായുള്ളത്. ഗോവ, കൂർഗ്, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന വീടുകൾക്ക് പുറമെ അടുത്തിടെയാണ് താരം മുംബയിലും വീട് സ്വന്തമാക്കിയത്.
ബോളിവുഡിൽ അവസരങ്ങൾ വർദ്ധിച്ചതോടെയാണ് കഴിഞ്ഞ വർഷം പകുതിയോടെ മുംബയിലെ പുതിയ വീട്ടിലേക്ക് താമസം രശ്മിക താമസം മാറിയത്. ജോലിസംബന്ധമായി താമസിക്കേണ്ടി വരുന്ന നഗരങ്ങളിൽ സ്വന്തമായി ഒരു വീട് ഉണ്ടാവുന്നതാമ് താരത്തിന് ഇഷ്ടം. ഷൂട്ടിംഗിനായി കുറേദിവസം ഹോട്ടലുകളിൽ റൂമെടുത്തു കഴിയുന്നത് തീരെ ഇഷ്ടമല്ലാത്തതിനാലാണ് വ്യത്യസ്ത നഗരങ്ങളിലായി താരം വീടുകൾ സ്വന്തമാക്കിയത്.
ഏറെ ഒതുക്കമുള്ളതും മനോഹരവുമായ വീട് എന്നാണ് മുംബൈയിലെ പുതിയ വീടിനെ രശ്മിക വിശേഷിപ്പിക്കുന്നത്. പ്രിയപ്പെട്ട വളർത്തു നായ ഓറയും രശ്മികയ്ക്കൊപ്പം ഇവിടെയുണ്ട്.
കന്നഡയിലും തെലുങ്കിലും സജീവമായതോടെയാണ് താരം ഹൈദരാബാദിലും ബംഗളൂരുവിലും വീടുകൾ വാങ്ങിയത്. കർണാടകയിലെ കൂർഗിലെ വീട്ടിലാണ് താരത്തിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. പച്ചപ്പിനു നടുവിൽ നിർമ്മിച്ച മനോഹരമായ ബംഗ്ലാവാണിത്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും സ്ഥലത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനു പുറമേ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് മറ്റു നഗരങ്ങളിലുള്ള താരത്തിന്റെ വീടുകളും. താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഏതെങ്കിലും ഒരു വീട് വാങ്ങുകയില്ല രശ്മിക ചെയ്യുന്നത്. മനസിന് അനുയോജ്യമായ സ്ഥലത്ത് ചേർന്നുപോകാനാവുന്ന ആളുകൾ ഉള്ളിടത്തു മാത്രമാണ് താരം വീട് വാങ്ങാറുള്ളത്.