
തിരുവനന്തപുരം : ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയFൽ മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്‌സോ കേസ് ചുമത്തി. കൊച്ചിയിലെ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെയാണ് പോക്‌സോ കേസ് എടുത്തത്. ഷൈജുവിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയും കേസിൽ പ്രതി ചേർത്തു.
കോഴിക്കോട് സ്വദേശിയായ യുവതിയുടെയും ഇവരുടെ 17 വയസുള്ള മകളുടെയും പരാതിയിലാണ് കേസ്. 2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്തിന് ഹോട്ടലിലെ പാർട്ടി ഹാളിൽ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലിൽ പകർത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികൾക്കെതിരെ ഫോർട്ട് കൊച്ചി സ്റ്റേഷനിൽ യുവതിയും മകളും പരാതി നൽകിയത്. കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജിന്റെ മേൽനോട്ടത്തിൽ മെട്രോ സി ഐ അനന്തലാൽ ആകും കേസ് അന്വേഷിക്കുക.