serial-killer

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടിവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജേന്ദ്രൻ സീരിയൽ കില്ലറാണെന്ന് പൊലീസ്. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രൻ (39) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ അരൽവായ്‌മൊഴി സ്റ്റേഷൻ പരിധിയിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും

കൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസുകളും ഉൾപ്പെടെ നാലു കൊലപാതക
കേസുകൾ നിലവിലുണ്ട്.

2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങൾ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ്. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച പകൽ നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനിത മോളെ കൊലപ്പെടുത്തി മാല കവർച്ച ചെയ്ത കേസിലാണ് പേരൂർക്കട പൊലീസ് തിരുനെൽവേലിയ്ക്ക് സമീപത്തെ കാവൽകിണറിൽ നിന്ന് പ്രതിയെ പിടികൂടിയത്. വിനിതയുടെ നാല് പവനോളം വരുന്ന സ്വർണ മാല കവരാനാണ് ക്രൂരത കാട്ടിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഇയാൾ പണത്തിനായാണ് കവർച്ചയും കൊലപാതകവും നടത്തിയിരുന്നത്.

ഓട്ടോ ഡ്രൈവറുടെ മൊഴി തുണച്ചു

പേരൂർക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ ഒരു മാസത്തിനു മുമ്പാണ് പ്രതി ജോലിക്ക് കയറിയത്. പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും പേരൂർക്കടയിലും തമിഴ്നാട്ടിലും രണ്ട് ദിവസത്തോളം കറങ്ങിനടക്കുകയായിരുന്നു രാജേന്ദ്രൻ. ഉള്ളൂർ ജംഗ്ഷനിലെയുംപേരൂർക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് നിർണായക തുമ്പായത്.

യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറോട് തണ്ണി (വെള്ളം) ആവശ്യപ്പെട്ടു. വെള്ളം കുടിക്കാൻ നൽകിയ ഡ്രൈവർ പരിചയപ്പെട്ടപ്പോൾ, ചായക്കട ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി. സി.സി ടിവി ദൃശ്യം പിന്തുടർന്നാണ് പൊലീസ് ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്. തുടർന്ന് നഗരത്തിലെ ചായക്കട തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടു. പേരൂർക്കടയിലെ ടീ സ്റ്റാൾ ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൃത്യമായി വഴി തെളിച്ചു. ഹോട്ടലിൽ തിരിച്ചെത്തിയ രാജേന്ദ്രന്റെ കൈത്തണ്ടയിൽ മുറിവുണ്ടായിരുന്നതായും പിന്നീട് ജോലിക്ക് വന്നില്ലെന്നും ഹോട്ടലുടമ വെളിപ്പെടുത്തി.മൊബൈൽ നമ്പറും നൽകി.

മൊബൈൽ നമ്പർ പിന്തുടർന്ന് തോവാളയിലെ വാടകവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കമ്മീഷണർ ജി.സ്പർജൻകുമാർ അറിയിച്ചു. ആയുധവും കവർച്ച ചെയ്ത ആഭരണവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തുന്നതിനായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

വിനിതയുടെ സ്വർണമാല കണ്ടെത്തി

കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വർണപ്പണയക്കടയിൽ നിന്നും പ്രതി മോഷ്‌ടിച്ച വിനിതയുടെ മാല കണ്ടെത്തി. പ്രതിയുമായി കന്യാകുമാരിയിൽ തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു മാല വിറ്റ കട പ്രതി പൊലീസിന് കാണിച്ചു കൊടുത്തത്. പ്രതി ഒളിവിൽ താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടത്തും.