gold-rate

തിരുവനന്തപുരം: ഏറ്റവും സുരക്ഷിതമായ നിക്ഷേപവും സമ്പാദ്യവുമാണ് മലയാളികൾക്ക് സ്വർണം. എന്നാൽ ഇടയ്ക്കിടെയുണ്ടാകുന്ന വിലക്കയറ്റം ആശങ്ക വർദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംസ്ഥാന വിപണിയെയും കാര്യമായി തന്നെ ബാധിക്കും. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 800 രൂപ ഉയർന്ന് സംസ്ഥാനത്ത് സ്വണവില കുതിപ്പ് തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4680 രൂപയാണ്. കഴിഞ്ഞ ദിവസം 4580 രൂപയായിരുന്നത് 100 രൂപ ഉയർന്നു. ഒരു പവന് ഇന്നലെ 36,640 ആയിരുന്നത് 800 രൂപ വർദ്ധിച്ച് 37,440 ആയി. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. വില കയറ്റത്തിന് പിന്നിൽ റഷ്യ-യുക്രെയിൻ സംഘർഷം എന്നാണ് വിലയിരുത്തൽ.

റഷ്യ- യുക്രെയിൻ സംഘർഷം മറ്റൊരു ലോകമഹായുദ്ധത്തിലേയ്ക്ക് വിരൽചൂണ്ടുന്നതിനിടെയാണ് അന്താരാഷ്ട്ര, രാജ്യാന്തര വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലവർദ്ധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം യുക്രെയിനിലെ അമേരിക്കൻ പൗരൻമാരോട് ഉടൻ തന്നെ രാജ്യം വിടാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതിന് പിന്നിൽ യുദ്ധത്തിനുള്ള സൂചനയാണോ എന്ന ആശങ്കയും ഉയരുന്നു.