
കൊച്ചി: ഡിജെ പാർട്ടിയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നൽകിയിരിക്കുന്നത്.
റോയിയുടെ സുഹൃത്തുക്കളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്ക് എതിരെയും പരാതിയുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ഫാഷൻ മേഖലയിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടുപ്രതിയായ അഞ്ജലിയാണ് പെൺകുട്ടിയെയും അമ്മയെയും കൊച്ചിയിലേക്കു വിളിച്ചു വരുത്തിയത്. മിസ് കേരള മുൻ ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതിയാണ് റോയി വയലാറ്റ്.
മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ് പുതിയ കേസ്. ഈ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് മോഡലുകളുടെ മരണം നടന്നത്. ആ കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് റോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.