covid

ന്യൂഡൽഹി: വരാൻ പോകുന്ന കൊവിഡ് വകഭേദങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ മുഖ്യ ആരോഗ്യ വിദഗ്ദ്ധ സൗമ്യ സ്വാമിനാഥൻ. കൊവിഡ് അവസാനിച്ചിട്ടില്ലെന്നും ലോകം ഇനിയും പുതിയ വകഭേദങ്ങളെ നേരിടേണ്ടിവരുമെന്നും അവർ മുന്നിറിയിപ്പ് നൽകി.

വൈറസിന് പരിണാമം സംഭവിക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഇവ കൂടുതൽ അപകടകാരിയാകാനുള്ള സാദ്ധ്യതയുണ്ടെന്നും, അത് കണ്ടെത്താനുള്ള പഠനങ്ങൾ നടന്നുവരികയാണെന്നും അവർ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനൊപ്പം വാക്സിൻ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്. ഒമിക്രോണിനെക്കാൾ ഭീകരമായ വകഭേദങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയിലെ ഒരു ആരോഗ്യവിദഗ്ദ്ധ മരിയ വാൻ കെർഖോവ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

പുതിയ വകഭേദങ്ങളെ കുറിച്ച് നിരീക്ഷിച്ചു വരികയാണെന്നും അത് നിലവിലുള്ള വകഭേദങ്ങളെക്കാൾ മാരകമാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമിക്രോൺ ഭീതി രാജ്യത്ത് കുറഞ്ഞു വരുന്നതിനിടെയാണ് മരിയ ഇക്കാര്യം അറിയിച്ചത്. ലോകം കൊവിഡ് വൈറസിന്റെ അവസാനത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നും നിരവധി വകഭേദങ്ങൾ ഇനിയും ഉണ്ടാകുമെന്നുമാണ് മരിയ അറിയിച്ചത്. രോഗവ്യാപനം തടയുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മരിയ വാൻ കെർഖോവ് പറഞ്ഞിരുന്നു.