joe-biden

വാഷിംഗ്ടൺ: റഷ്യ യുക്രെയിനിനെ ഏത് സമയവും ആക്രമിച്ചേക്കാമെന്ന് ആവർത്തിച്ച് യുഎസ്. കീവിലെ അമേരിക്കൻ എംബസി ഒഴിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഏത് സമയത്തും റഷ്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കീവിലെ എംബസി ജീവനക്കാരുടെ കുടുംബങ്ങൾ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാമെന്നും, ഇല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിടുന്നതായും യുഎസ് ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്റലിജൻസിന്റെ റിപ്പോർട്ടുകളെക്കുറിച്ച് ജെയ്ക് സുള്ളിവൻ കൂടുതൽ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി ഇരുപതിനകം റഷ്യ യുക്രെയിനിനെ ആക്രമിച്ചേക്കാം. യുക്രെയ്നിലുള്ള എല്ലാ യുഎസ് പൗരന്മാരും അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു.

ആക്രമണം ഉണ്ടായാൽ യുഎസ് പൗരന്മാരെ രക്ഷിക്കാൻ സൈനികരെ അയയ്ക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം സൈനികരെയാണു റഷ്യ യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.