facebook

കേരള -തമിഴ്നാട് അതിർത്തിപ്രദേശമായ അരുമനയിൽ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ച്. ഞാനും എന്റെ സഹോദരീ ഭർത്താവും, ( അതായത് അളിയൻസ് ) ക്ഷണം സ്വീകരിച്ച് രാവിലെ തിരുവനന്തപുരത്ത് നിന്ന് യാത്രയാകുന്നു.
രണ്ട് മണിക്കൂറാണ് യാത്രാസമയം.

കേരള അതിർത്തി കടന്നപ്പോൾത്തന്നെ സുഹൃത്ത് സതീഷ് കുമാർ വിളിക്കാൻ തുടങ്ങി.

എവിടെയെത്തി?

കളിയിക്കാവിള.

പിന്നെയും വിളി വന്നു.

കുഴിത്തുറ.

ങാ. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞോ!

വഴിയൊക്കെ പരിചിതമാണെങ്കിലും ഞങ്ങളുടെ ഭൂമിശാസ്ത്ര വിജ്ഞാനത്തിൽ കക്ഷിയ്ക്ക് ചെറിയ അവിശ്വാസമുള്ളതിനാലാണ് തിരിയേണ്ടിടത്തൊക്കെ വിളി വന്നുകൊണ്ടിരുന്നത്.

കുറച്ച് സമയത്തേയ്ക്ക് വിളിവന്നില്ല.

പക്ഷേ അപ്പോഴാണ് പ്രകൃതിയുടെ വിളി എനിക്കു വന്നത്.
ഒന്നു മൂത്രശങ്ക തീർക്കണം. !

റോഡിനിരുവശത്തും വീടുകളില്ലാത്ത ധാരാളം വെളിമ്പ്രദേശമുള്ള സ്ഥലത്ത് കൂടിയായിരുന്നു യാത്ര.

അളിയൻസ് ഡോ. ഷിനു, (അന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ) കാർ നിറുത്തി.

സതീഷിന്റെ പുത്തൻ വീട്ടിൽ ചെന്നയുടനെ ടോയ്‌ലെറ്റെവിടെ എന്നു ചോദിക്കുന്ന ചമ്മൽ ഒഴിവാക്കാമല്ലോ എന്നുപറഞ്ഞ് ഞാൻ ഡോർ തുറന്നപ്പോഴാണ് അളിയന് പ്രകൃതിയുടെ ഉൾവിളി കിട്ടിയത്!

അങ്ങനെ ഞങ്ങൾ രണ്ട് പേരും കേരളത്തിലെ ഹൈവേയിൽ നടത്താൻ ഇത്തിരി സാങ്കേതിക ബുദ്ധിമുട്ടുള്ള സംഗതി, നാഞ്ചിനാടിന്റെ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടു നിർവഹിച്ച് മൂത്രശങ്ക അകറ്റി.

കാറിൽ കയറിയ ഉടൻ സതീഷിന്റെ അടുത്ത വിളി!

ങാഹാ......അളിയന്മാർ രണ്ടും വഴിയിൽ മൂത്രമൊഴിക്കുകയായിരുന്നല്ലേ?

ഞാൻ ഞെട്ടി!

ങേ?

നീയിതെങ്ങനെ അറിഞ്ഞു?

സതീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

എടാ, ഞാനെല്ലാം സാറ്റലൈറ്റ് വഴി കാണുന്നുണ്ട്.! ഇവിടെ വീട്ടിൽ അര ഡസൻ ടോയ്ലറ്റുള്ളപ്പോൾ പബ്ളിക്കായി മൂത്രമൊഴിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ നിങ്ങൾക്ക് ? ങാ... പോട്ടെ.... പെട്ടെന്ന് വാ !

ജാള്യത മറച്ചുവയ്ക്കാനും ഇതൊന്നും എനിക്കൊരു പ്രശ്നമല്ലെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ച് ഫോൺ കട്ട് ചെയ്തു.

അളിയനും ഞാനും ചർച്ച ചെയ്തു!

സംഗതി മോശമായിപ്പോയല്ലോ!

ഇതെങ്ങനെ സംഭവിച്ചു ? സാറ്റലൈറ്റ് ........ ?ഫേസ്ബുക്കിൽ ലൈവായി ആരെങ്കിലും ഇട്ടതാണോ? അതോ ഏതെങ്കിലും സി.സി.ടി.വി ദൃശ്യത്തിലൂടെ........?

ഞാൻ ഫേസ്ബുക്ക് നോക്കാൻ തുടങ്ങി.

തമിഴ്നാട്ടിലെ നെറ്റ് കണക്‌ഷൻ ശരിയാകുന്നില്ല.

ഛെ! ഫേസ്ബുക്കിൽ ഇവർ മാത്രമല്ല, ലോകം മുഴുവൻ കണ്ടുകാണുമല്ലോ?
നാണക്കേടായല്ലോ!

കേരളത്തിലെ രണ്ടു ഡോക്ടർമാർ പബ്ളിക്കായി മൂത്രമൊഴിക്കുക എന്നൊക്കെ പറഞ്ഞാൽ.........

ആശങ്കകൾക്കിടയിലും ആകുലതകൾക്കിടയിലും പുതിയ വീടിന്റെ മുന്നിൽ കാറെത്തി. എല്ലാവരും കളിയാക്കുന്ന മൂഡിലായിരിക്കും എന്നുകരുതി ഒരു മുൻകൂർ ജാമ്യ സമീപനം സ്വീകരിച്ച് യാതൊന്നും സംഭവിക്കാത്തതുപോലെ വെളുക്കെ ചിരിച്ച് ഞങ്ങൾ ഗൃഹത്തിൽ പ്രവേശിച്ചു.

പ്രതീക്ഷയ്ക്ക് വിപരീതമായി ആരും വഴിയിലെ മൂത്രവിസർജ്ജനം ഒരു ചർച്ചാ വിഷയമായി എടുക്കുന്ന മട്ടുകണ്ടില്ല.

ഹാവൂ! ആശ്വാസം !!

കാപ്പികുടിയും തള്ളലുമൊക്കെ വേണ്ടതിലധികം കഴിഞ്ഞപ്പോൾ സതീഷിനെ ഒന്നടുത്തു കിട്ടിയ ഞാൻ എന്റെ സംശയം ചെറിയ തമാശയോടു കൂടി അവതരിപ്പിച്ചു.

എടേ .... നീയെങ്ങനെയറിഞ്ഞു?
എഫ്.ബി യിൽ കണ്ടോ?

എന്ത്?

ഞങ്ങളുടെ മൂത്രമൊഴിക്കൽ?

സതീഷ് ഒരു പരിഹാസച്ചിരിയുടെ അകമ്പടിയോടെ നിസ്സാരമായി പറഞ്ഞു.

എന്ത് എഫ്.ബി? നിങ്ങളുടെ കാറിന്റെ പിറകെ വന്ന , നിങ്ങൾ രണ്ടെണ്ണത്തിനെയും നന്നായി അറിയാവുന്ന, എന്റെ കസിൻ വിളിച്ചുപറഞ്ഞു, രണ്ട് അളിയന്മാരും വഴിയരികിൽ നിന്ന് മൂത്രമൊഴിക്കുന്നത് കണ്ടെന്ന് ..... അത്ര തന്നെ!

അതിരുകടന്ന ബുദ്ധിയും അതിരുകടന്ന ആലോചനയും നല്ലതല്ലെന്ന് ഉപദേശിക്കുന്ന, രാവിലത്തെ ഗുഡ്‌മോണിങ്ങ് മെസേജ് പെട്ടെന്നൊരു മിന്നൽ പിണറുപോലെ തലയിലൂടെ പാഞ്ഞു പോയി !

ലേഖകന്റെ ഫോൺ - 9447055050