
ലണ്ടൻ: ഗർഭാവസ്ഥയിൽ പലവിധ രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും ഗർഭിണികൾക്ക് ഉണ്ടാകാറുണ്ട്. അവയിൽ ചിലത് ഗർഭകാലത്ത് മാത്രം രൂപപ്പെടുന്നവയുമാണ്. ജനിക്കുന്ന കുഞ്ഞുങ്ങളിലും ത്വക്ക് രോഗങ്ങൾ ഉൾപ്പടെ കാണാറുണ്ട്. എന്നാൽ അമ്മയ്ക്ക് സ്വന്തം കുഞ്ഞ് തന്നെ അലർജിയാകുന്ന അപൂർവ രോഗമാണ് ഫിയോണ ഹൂക്കർ എന്ന 32കാരിയിൽ കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിലെ ഹാംസ്‌ഫൈർ സ്വദേശിയാണ് ഫിയോണ.
ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട പെംഫിഗോയിഡ് ഗെസ്റ്റാറ്റിയോണിസ് എന്ന അപൂർവമായ ഓട്ടോ ഇമ്യൂൺ ചർമരോഗമാണിതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി കടുത്ത വേദന ഉളവാക്കുന്ന തടിപ്പുകളും പാടുകളും തൊലിപ്പുറത്ത് ഉണ്ടാകുന്നു. മാത്രമല്ല കടുത്ത ചൊറിച്ചിലും അനുഭവപ്പെടുന്നു. കുഞ്ഞിനെ കൈയിൽ എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നതായി ഫിയോണ പറയുന്നു.
കുഞ്ഞിന്റെ ഡി എൻ എയിലെ ഒരു ജനിതകം മൂലമാണ് അമ്മയ്ക്ക് ഇത്തരത്തിൽ രോഗമുണ്ടാകുന്നതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ഗർഭിണിയായി 31 ആഴ്ച പിന്നിട്ടപ്പോഴാണ് വയറിന് ചുറ്റുമായി ചുവന്ന പാടുകളും ചൊറിച്ചിലും ഫിയോണയുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ഇത് കൂടുതൽ മാരകമാകാൻ ആരംഭിച്ചു. പ്രസവശേഷം ഇത് വേദനയുള്ള തടിപ്പുകളായി മാറി. കുഞ്ഞിനെ അൽപ്പനേരത്തേയ്ക്ക് എടുക്കുന്നത് പോലും കഠിന വേദനയുണ്ടാക്കുന്നു എന്നും ഫിയോണ പറഞ്ഞു. ത്വക്ക് രോഗ വിദഗ്ദ്ധന്റെ നിർദേശപ്രകാരം ഏറ്റവും ശക്തമായ സ്റ്റീരിയോയിഡ് ക്രീം ആണ് രോഗശമനത്തിനായി ഫിയോണ ഉപയോഗിക്കുന്നത്.