honey-trap

കൊച്ചി: മട്ടാഞ്ചേരിയിൽ ഹോട്ടൽ ഉടമയെ ആശുപത്രിയിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശിനിയായ റിൻസിന(29), ഷാജി എന്ന ഷാജഹാൻ(25) എന്നിവരാണ് പിടിയിലായത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതായി പറഞ്ഞ് യുവതി ആശുപത്രിയിലേക്ക് പോയി. ഇവിടെ നിന്നും ഹോട്ടൽ ഉടമയെ ഫോണിൽ വിളിച്ച് ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടു. ഹോട്ടലുടമ എത്തിയതോടെ ഇയാളെ മുറിയിൽ ബന്ദിയാക്കി. പിന്നാലെ റിൻസിനയും ഹോട്ടലുടമയെയും ചേർത്ത് വീഡിയോ പകർത്തി. ഈ വീഡിയോ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകിയ ശേഷം പിന്നീടും ഇതേ ദൃശ്യങ്ങളുമായി ഹോട്ടൽ ഉടമയെ യുവതിയുടെ കാമുകനും മറ്റൊരാളും ചേർന്ന് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

ഇതോടെയാണ് മട്ടാഞ്ചേരി പൊലീസിൽ ഹോട്ടലുടമ പരാതിപ്പെട്ടത്. ഹോട്ടലുടമയുടെ തിരിച്ചറിയൽ കാർഡുകളും പണവും യുവതി തട്ടിയെടുത്തിരുന്നു. പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തതോടെ മറ്റൊരു ഹണി ട്രാപ്പിന്റെയും വിവരം ലഭിച്ചിരുന്നു. എറണാകുളത്ത് ചികിത്സയ്‌ക്ക് എത്തുന്നവർക്ക് താമസ സൗകര്യം ഏ‌ർപ്പെടുത്തുന്ന സ്ഥാപന ഉടമയെയും മറ്റ് ചിലരെയും ഇതുപോലെ റിൻസിന കെണിയിൽ പെടുത്തിയിട്ടുണ്ട്. ശാരീരിക ബന്ധം പുലർത്തിയ ശേഷം ഗർഭിണിയാണെന്ന് പറഞ്ഞാണ് ചിലരിൽ നിന്നും ഇവർ പണം തട്ടിയത്.