ipl

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ശക്തമായ ടീമുകളിൽ ഒന്നായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ലേലം വിളിക്കാൻ ഇത്തവണ ഷാരൂഖ് ഖാന് പകരമായി എത്തിയത് മക്കളായ ആര്യൻ ഖാനും സുഹാന ഖാനും. ഐ പി എൽ 2022 സീസണിന് മുന്നോടിയായി താരലേലം ആരംഭിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനും നടി ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥർ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ട് തവണ ടീം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു.

മുംബയ് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ആര്യനും സുഹാനയും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്കറുടെ സംസ്കാര ചടങ്ങിൽ ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു.

A crash course in #IPLAuction strategies from the CEO to our Gen-Next ⏭@VenkyMysore #AryanKhan #SuhanaKhan #JahnaviMehta #GalaxyOfKnights pic.twitter.com/WqWNuzhpJt

— KolkataKnightRiders (@KKRiders) February 12, 2022

12.25 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിരിക്കുകയാണ്. ലേലത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ വില ലഭിച്ചത് ശ്രേയസ് അയ്യർക്കാണ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് നായകനായ പാറ്റ് കമ്മിൻസിനെ 7.25 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയിരുന്നു.

ആദ്യമായാണ് സുഹാന ഖാൻ ഐ പി എൽ താരലേലത്തിൽ പങ്കെടുക്കുന്നത്. എന്നാൽ കഴി‌ഞ്ഞ താരലേലത്തിൽ ആര്യൻ ഖാൻ സന്നിഹിതനായിരുന്നു. കഴിഞ്ഞ വർഷത്തെ താരലേലത്തിൽ ജൂഹി ചൗളയുടെ മകളും 19കാരിയുമായ ജാഹ്‌നവി മെഹ്ത്ത പങ്കെടുത്തിരുന്നു. ജാഹ്‌നവിയായിരുന്നു കഴിഞ്ഞ ലേലത്തിലെ ഏറ്റവും പ്രായം കുറ‌ഞ്ഞ വ്യക്തിയും.

ബംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ലേലം ആരംഭിച്ചത്. 2018 മുതൽ താരലേലം സംഘടിപ്പിക്കുന്ന ഹ്യൂ എ‌ഡ്മീഡ്സ് തന്നെയാണ് ഇത്തവണയും ലേലം നിയന്ത്രിക്കുന്നത്.