
ഡെറാഡൂൺ: കർണാടകയിലെ ഹിജാബ് വിഷയത്തെ ചൊല്ലിയുളള ചർച്ചകൾ പൊതുസമൂഹത്തിൽ നടക്കവെ നിർണായക പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. സംസ്ഥാനത്ത് 82 ശതമാനവും ഹിന്ദുക്കളാണ്. ഈ വോട്ട് ഉറപ്പിക്കാനും ഹിജാബ് വിഷയം ശ്രദ്ധിക്കപ്പെടാനുമുളള നിർണായക നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് സൂചന.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ മതങ്ങളിൽ പെട്ടവർക്കും ഒരു നിയമം തന്നെ ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ നിയമം. എന്നാൽ ഇത് ഒരു സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയുന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ട്. ഇതാണ് നടപ്പാക്കാൻ സമിതി കൊണ്ടുവരും എന്ന് പ്രഖ്യാപിക്കാൻ കാരണം.
നിയമവിദഗ്ദ്ധർ, വിരമിച്ച വലിയ ഉദ്യോഗസ്ഥർ, സമൂഹത്തിലെ പ്രബല ചിന്തകർ എന്നിങ്ങനെ വിവിധതരം ആളുകളെ ഇതിനായി നിയമിക്കും. അങ്ങനെ ദേവഭൂമിയിൽ സംസ്‌കാരവും പൈതൃകവും തിരികെ കൊണ്ടുവരുമെന്നും ധാമി പറഞ്ഞു. ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ 70ൽ 56 സീറ്റുകളിൽ വിജയിച്ച് ബിജെപി ഇവിടെ അധികാരത്തിലെത്തി. കോൺഗ്രസിന് 11 സീറ്റുകളാണ് ലഭിച്ചത്.
#WATCH | "Soon after its swearing-in, new BJP govt will form a committee to prepare draft of Uniform Civil Code in state. This UCC will provide for same laws regarding marriages, divorce, land-property & inheritance for all people, irrespective of their faith" says Uttarakhand CM pic.twitter.com/83SYlH2AkE— ANI UP/Uttarakhand (@ANINewsUP) February 12, 2022